മസ്കത്ത്: കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ നട്ടെല്ലാണെന്ന് വിശേഷിപ്പിക്കുമ്പോഴും ബജറ്റിൽ അവഗണന നേരിട്ട് പ്രവാസികൾ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ 2024ലെ കണക്ക് പ്രകാരം പ്രവാസികൾ അയക്കുന്ന പണത്തിന്റെ കണക്കിൽ കേരളം ഒന്നാമതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പ്രവാസിക്ഷേമത്തിന് ശ്രദ്ധേയമായ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ ആരംഭിക്കുമെന്നതാണ് പ്രധാനമായും പ്രഖ്യാപിക്കപ്പെട്ടത്. ഈ പദ്ധതി നടപ്പാക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, പ്രവാസികൾ കാലങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര ബജറ്റിന് സമാനമായി കേരള ബജറ്റും മൗനം പാലിച്ചു.
തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം, പ്രവാസികളുടെ പെൻഷൻ, വിമാന ടിക്കറ്റിലെ കൊള്ള, വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ബജറ്റും നിരാശയാണ് സമ്മാനിച്ചത്. പ്രവാസം ഒട്ടേറെ പേർക്ക് വലിയ നഷ്ടക്കച്ചവടമായി തീരുന്ന അനുഭവമുണ്ടെന്നും വിദേശത്തെ തൊഴിൽ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറയുന്നുണ്ട്. എന്നാൽ, ഇതിന് പരിഹാരമെന്നോണം ഈ മേഖലയിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മാത്രമാണ് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്. തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ചതിയിൽ പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേവലം ബോധവത്കരണം മാത്രം പരിഹാരമല്ലെന്ന് പ്രവാസികൾ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പകരം സർക്കാർ നിയന്ത്രണത്തിലുള്ളതും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ കൃത്യമായ റിക്രൂട്ട്മെന്റ് രീതികൾ രൂപപ്പെടുത്തുകയാണ് വേണ്ടത്. ഈ മേഖലയിൽ ഒരു പുതിയ ചുവട് വെക്കാൻ പോലും സംസ്ഥാനം രംഗത്തു വരാത്തതും നിരാശജനകമാണ്. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാമെന്നതാണ് ബജറ്റിലെ മറ്റൊരു വാഗ്ദാനം.
പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെന്റിവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിത് പ്രവാസികളെ അപമാനിക്കുന്നതിന് തുല്യമായ പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ പ്രവാസ സംഘടനകൾ വിമർശിക്കുന്നത്.
സാധാരണ പ്രവാസികളുടെ ജീവൽപ്രശ്നങ്ങളെ അവഗണിച്ച് പ്രവാസികൾക്ക് പ്രത്യേകിച്ച് ഗുണമില്ലാത്ത ഒരു പദ്ധതി പ്രഖ്യാപിച്ച് കണ്ണിൽ പൊടിയിടുകയാണ് സർക്കാരെന്ന് ഇവർ വിലയിരുത്തുന്നു. അതോടൊപ്പം പ്രവാസികളുടെ പണം സർക്കാർ ഖജനാവിലെത്തിക്കാനുള്ള തന്ത്രം മാത്രമാണ് വിനോദസഞ്ചാര പരിപാടിയെന്ന വാഗ്ദാനമെന്നും കറവപ്പശുവായാണ് സർക്കാർ പ്രവാസികളെ കാണുന്നതെന്നും വിമർശിക്കപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ നിർണായകമായ ഒരു ജനവിഭാഗമായി കണക്കുകളിൽ പറയുമ്പോഴും പ്രവാസിക്ക് ബജറ്റിൽ അത്തരമൊരു പരിഗണനയുടെ ലാഞ്ജന പോലും അനുഭവപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം.
ദുബൈ: കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും തഴഞ്ഞപ്പോൾ കേരളസർക്കാർ പ്രവാസികളെ ചേർത്തുപിടിച്ചതായി ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായുള്ള പദ്ധതിക്കായി 77.50 കോടി ഉൾപ്പെടെ നോർക്കയുടെ പ്രവർത്തനത്തിനായി 150.81 കോടി, തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിക്കായി 25 കോടി, പ്രവാസിക്ഷേമനിധി ബോർഡ് വഴിയുള്ള സഹായങ്ങൾക്ക് 23 കോടി, പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദ സഞ്ചാര വകുപ്പിന്റെ ഇൻസെന്റിവ്, പ്രവാസികളുടെ മാതാപിതാക്കളെ താമസിപ്പിക്കാനുള്ള അസിസ്റ്റഡ് ലിവിങ് പദ്ധതിക്ക് അഞ്ച് കോടി എന്നിങ്ങനെ സമാനതകളില്ലാത്ത പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
ദുരന്തം വിതച്ച ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിനായി തുക മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികൾക്കായി വിദേശ രാജ്യങ്ങളിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കാൻ ആദ്യ ഘട്ടമായി അഞ്ചു കോടിയും അനുവദിച്ച കേരള സർക്കാറിനെ അഭിവാദ്യം ചെയ്യുന്നതായി പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞമ്മദ് അറിയിച്ചു.
ദുബൈ: ധനവകുപ്പ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച 226 പേജുള്ള ബജറ്റിൽ ഒരുവരിപോലും പ്രവാസികൾക്കുവേണ്ടി മാറ്റിവെക്കാത്ത നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് ഇൻകാസ് യു.എ.ഇ പ്രസ്താവനയിൽ പറഞ്ഞു. പക്ഷിമൃഗാദികളെ പോലും പരാമർശിച്ച ബജറ്റിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിരതക്ക് വേണ്ടി അഹോരാത്രം പണി ചെയ്യുന്ന പ്രവാസിയെ പൂർണമായും അവഗണിക്കുകയും മറക്കുകയും ചെയ്തത് ഏറ്റവും വലിയ അവഗണനയും പ്രവാസിയുടെ മുഖത്തേറ്റ അടിയുമാണ്.
പ്രവാസി എന്ന വാചകം തന്നെ ബജറ്റിൽ കാണുന്നത് ഒരിടത്ത് മാത്രമാണ്. അതും പ്രവാസി സംഘടനകളുടെ വിനോദ സഞ്ചാര പരിപാടികൾക്ക് ഹോട്ടലും അതുപോലുള്ള മറ്റ് ഭക്ഷണ സൗകര്യങ്ങളും ഒരുക്കും എന്നു പറഞ്ഞ് പ്രവാസിയെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധിക്കാത്ത പ്രവാസികളുടെ പുനരധിവാസം, കുടുംബങ്ങളുടെ ക്ഷേമം തുടങ്ങിയ കാര്യങ്ങൾ പരാമർശിക്കാതെ പോയ ബജറ്റ് പ്രവാസികളെ മറന്നുപോയതുപോലെയാണ് തോന്നുന്നതെന്നും പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി (സംഘടന) എസ്.എം ജാബിർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദുബൈ: കേരള ബജറ്റിൽ പ്രവാസി മലയാളികളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവാസി ഇന്ത്യ. സംസ്ഥാനത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 21 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിനുവേണ്ടി വെറും അഞ്ച് കോടി രൂപ മാത്രം വകയിരുത്തിയത് നിരാശജനകമാണ്. പ്രഖ്യാപിച്ചിരിക്കുന്ന കേരള ടൂർ പ്രോഗ്രാമുകൾ, വീട് വാങ്ങൽ-വാടക പദ്ധതികൾ, മുതിർന്ന പൗരന്മാർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവക്ക് വ്യക്തവും പ്രായോഗികവുമായ രൂപരേഖ അവതരിപ്പിച്ചിട്ടില്ല.
മാറിവരുന്ന ലോക സാഹചര്യത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പദ്ധതി അത്യാവശ്യമാണ്. കൂടാതെ, പ്രവാസികളുടെ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കാനും പരിഹരിക്കാനുമുള്ള സ്ഥിരം സംവിധാനവും, കുടിയേറ്റ പ്രശ്നങ്ങൾ പഠിക്കാനുള്ള വിദഗ്ധ സമിതിയും അനിവാര്യമാണ്. ഇത്തരം വിഷയങ്ങൾ ഗൗരവമായി കാണാത്ത, പ്രവാസി ക്ഷേമത്തിനായി അടിയന്തര നടപടികൾ വകയിരുത്താത്ത ഈ ബജറ്റ് പ്രഖ്യാപനം പ്രവാസികളോടുള്ള കൊഞ്ഞനം കുത്തലായി മാത്രമേ കാണാൻ കഴിയൂ -പ്രസ്താവനയിൽ പറഞ്ഞു.
ദുബൈ: ലോക കേരളസഭ മുന്നോട്ടുവെച്ച ആശയമെന്ന നിലയിൽ ഒരു ലോക കേരള കേന്ദ്രമാണ് കേരളത്തിന്റെ സംസ്ഥാന ബജറ്റിൽ ആകെയുള്ള പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട ഒരേയൊരു വാഗ്ദാനമെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പദ്ധതി ബജറ്റ് പ്രസംഗത്തിൽ എന്താണെന്നോ എവിടെയാണെന്നോ സൂചിപ്പിക്കാത്ത ലോക കേരള കേന്ദ്രം കൊണ്ട് തൃപ്തിപ്പെടാനാണ് ഇത്തവണ പ്രവാസി മലയാളികളുടെ യോഗം. ധനമന്ത്രിക്കു തന്നെയും വിശദാംശങ്ങൾ അറിയാത്ത ഈ വാഗ്ദാനംകൊണ്ട് പ്രവാസ ലോകത്തിനെന്താണ് കാര്യമെന്നു ചിന്തിക്കുമ്പോൾ അമ്പരപ്പാണ് തോന്നുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശത്തു നിന്നും ധനമെത്തിക്കുന്ന സംസ്ഥാനമാണ് കേരളം.
ഓരോ ബജറ്റിലും പ്രവാസി സമൂഹത്തിന് അർഹിക്കുന്ന പരിഗണനയൊന്നും ലഭിക്കാത്ത സംസ്ഥാനവും നമ്മുടേതാണെന്നത് ഖേദകരമാണ്. പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതല്ല പരിഹാരം. ഇതും ഒരു കബളിപ്പിക്കലായാണ് അനുഭവപ്പെടുന്നത്. -അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദുബൈ: പ്രവാസികളെ കേന്ദ്ര സസ്ഥാന ഗവൺമെന്റുകൾ കറവപ്പശുക്കളായി മാത്രം പരിഗണിക്കുന്നുവെന്ന് ജനത കൾച്ചറൽ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രത്തോടൊപ്പം സംസ്ഥാനവും പ്രവാസികളെ തഴയുകയാണ്. പെൻഷൻ വർധന ഉൾപ്പെടെ പ്രവാസിക്ഷേമ പദ്ധതികൾക്ക് പ്രകടന പത്രികയിലെ ഉറപ്പുകൾ നടപ്പാക്കണം. ബജറ്റ് മറുപടിയിൽ അവഗണന ഒഴിവാക്കി പ്രഖ്യാപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ജനത കൾച്ചറൽ സെന്റർ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ടെന്നിസൺ ചേന്നപ്പിള്ളി, സുനിൽ മയ്യന്നൂർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.