ജബൽ അഖ്ദർ ഫെസ്റ്റിവലിന്റെ മുന്നൊരുക്ക യോഗം ചേർന്നപ്പോൾ
മസ്കത്ത്: ജബൽ അഖ്ദർ ഫെസ്റ്റിവലിനായി ദാഖിലിയ ഗവർണറേറ്റ് ഒരുങ്ങുന്നു. ജൂലൈ 15 മുതൽ ആഗസ്റ്റ് 30വരെയാണ് ഫെസ്റ്റിൽവൽ നടക്കുക. പരിപാടിയുടെ മുന്നൊരുക്ക യോഗം കഴിഞ്ഞ ദിവസം ജബൽ അഖ്ദർ വിലായത്തിൽ നടന്നു. ഫെസ്റ്റിവലിന്റെ സംഘടനാ, ലോജിസ്റ്റിക്കൽ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു. യോഗത്തിൽ ജബൽ അഖ്ദറിലെ വാലി ശൈഖ് സുൽത്താൻ ബിൻ മൻസൂർ അൽ ഗുഫൈലി, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, ഇവന്റ് ഓപ്പറേറ്റർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
ഒമാനിനകത്തും പുറത്തുനിന്നുമുള്ള സന്ദർശകർക്ക് ഒരു പ്രധാന വേനൽക്കാല ലക്ഷ്യസ്ഥാനമാക്കി ജബൽ അഖ്ദറിനെ മാറ്റുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജബൽ അഖ്ദറിന്റെ സവിശേഷമായ പ്രകൃതിദത്തവും കാലാവസ്ഥാ സവിശേഷതകളും എടുത്തുകാണിക്കുന്ന നിരവധി ടൂറിസം, വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ ഫെസ്റ്റിവലിലുണ്ടാകും. സന്ദർശകരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഒരു സുസംഘടിത ഉത്സവം ഉറപ്പാക്കുന്നതിന് പങ്കാളികൾക്കിടയിൽ സ്ഥാപനപരമായ ഏകോപനം വർധിപ്പിക്കുന്നതിനും യോഗം ഊന്നൽ നൽകി.
മൊത്തത്തിലുള്ള ടൂറിസ്റ്റ് അനുഭവം മെച്ചപ്പെടുത്തൽ, പരിപാടിയുടെ സ്ഥലത്തിന്റെ തയ്യാറെടുപ്പ്, അടിസ്ഥാന സൗകര്യ പദ്ധതികൾ, ആരോഗ്യ നിരീക്ഷണം, സന്ദർശക ഒഴുക്ക് മാനേജ്മെന്റ് എന്നിവയും ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു. നാടകങ്ങൾ, വിനോദ പരിപാടികൾ, കായിക പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളും യോഗം വിശദീകരിച്ചു.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കുതിരസവാരി പ്രേമികളെ ലക്ഷ്യമിട്ട് ഈ വർഷത്തെ മേളയിലെ പുതിയൊരു കൂട്ടിച്ചേർക്കലായ ‘ഗൾഫ് നൈറ്റ്സ് ഫോറ’ത്തിന്റെ പ്രത്യേക അതരണവും നടന്നു. ഉത്സവത്തിന്റെ പ്രാദേശിക ആകർഷണം സമ്പന്നമാക്കുകയും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പൈതൃക, മത്സര പരിപാടികൾ ഫോറത്തിൽ ഉൾപ്പെടുത്തും.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എസ്.എം.ഇ) പ്രാദേശിക ഉൽപ്പാദകരെയും പിന്തുണച്ച് താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ദാഖിലയ ഗവർണറേറ്റിന്റെ ശ്രമങ്ങളുമായാണ് ജബൽ അഖ്ദർ ഫെസ്റ്റിവൽ വരുന്നത്. ദഖിലിയയിലെ ചൂട്കുറഞ്ഞ കാലാവസ്ഥയും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉയർത്തിക്കാട്ടുന്ന ‘നമ്മുടെ വേനൽക്കാലം തണുപ്പാണ്’ എന്ന കാമ്പെയ്നിലൂടെ ഗവർണറേറ്റ് വേനൽക്കാല പരിപാടികളും പ്രോത്സാഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.