ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം കുവൈത്തിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ
മസ്കത്ത്: ഇസ്രായേൽ- ഇറാൻ സംഘർഷം ശക്തിപ്പെട്ടതോടെ പ്രശ്ന പരിഹാരത്തിന് തിരക്കിട്ട നീക്കവുമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). സംഘർഷം മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനം ശക്തിപ്പെടുത്തുന്നതിനുമായി ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം കുവൈത്തിന്റെ അധ്യക്ഷതയിൽ ഓൺലൈനായിരുന്നു നടന്നത്. ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളെ യോഗം അപലപിച്ചു.
ഇറാന്റെ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭ നയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്നും ചൂണ്ടിക്കാട്ടി. പ്രാദേശിക അസ്ഥിരത തടയാൻ ഉടനടി വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഏറ്റുമുട്ടൽ അവസാനിപ്പിച്ച് നയതന്ത്ര സംഭാഷണത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത യോഗം സൂചിപ്പിച്ചു.
ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി.
ഇത് മനുഷ്യ സുരക്ഷക്കും പരിസ്ഥിതിക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.
സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
യു.എസ്-ഇറാൻ ആണവ ചർച്ചകൾ പുനരാരംഭിക്കാനും ജി.സി.സി കൗൺസിൽ അഭ്യർഥിച്ചു. യോഗത്തിൽ ജി.സി.സി നിലവിലെ ചെയർമാനായ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.