മസ്കത്ത്: ഇസ്ലാമിക് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ഇസ്ലാമിക് ഫിനാൻഷ്യൽ സർവിസ് ബോർഡ് (ഐ.എഫ്.എസ്.ബി) 17ാമത് സമ്മിറ്റ് അടുത്തവർഷം ഫെബ്രുവരി രണ്ടുമുതൽ നാലുവരെ മസ്കത്തിൽ നടക്കും. സെൻട്രൽ ബാങ്കുകൾ, റെഗുലേറ്ററി അതോറിറ്റി, ഇസ്ലാമിക് ബാങ്കിങ് മേഖലയിലെ അന്താരാഷ്ട്ര സംഘടനകൾ, നേതാക്കൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.
ഗ്ലോബൽ സാമ്പത്തികവ്യവസ്ഥയിൽ ഇസ്ലാമിക് ഫിനാൻസ് മേഖലയെ കൂടുതൽ സുദൃഢമാക്കാൻ ആവശ്യമായ ഘടകങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഇസ്ലാമിക് ഫിനാൻസ് രംഗത്തെ നിലവിലെ വെല്ലുവിളികൾ, ബാങ്കിതര ഫൈനാൻസ് മേഖലയെ ശക്തിപ്പെടുത്തൽ, സുകൂക് മാർക്കറ്റിനെ വികസിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമായും ചർച്ച നടക്കും. സ്വകാര്യമേഖലയിൽനിന്നുള്ള പ്രമുഖരുടെയും സർക്കാർ പ്രതിനിധികളുടെയും എൻ.ജി.ഒകളുടെയും യുവ പ്രതിനിധികളുടെയും പ്രഭാഷണം അരങ്ങേറും.
ഇസ്ലാമിക് ബാങ്കിങ് മേഖലയിൽ മുൻനിരയിലുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കും. മാറുന്ന ലോക സാമ്പത്തിക ക്രമത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നവിധത്തിൽ സുപ്രധാന വഴിത്തിരിവായാണ് ഉച്ചകോടി അരങ്ങേറുകയെന്ന് ഒമാൻ സെൻട്രൽ ബാങ്ക് ഗവർണർ അഹ്മദ് ബിൻ ജാഫർ അൽ മുസൽമി പറഞ്ഞു. ഇസ്ലാമിക് ഫിനാൻസ് രംഗത്തിന്റെ വളർച്ചയും വികസനവും സംബന്ധിച്ച് പുതിയ കാഴ്ചപ്പാടുകൾക്ക് ഉച്ചകോടിയിലൂടെ അവസരമൊരുക്കുകയാണെന്ന് ഐ.എഫ്.എസ്.ബി സെക്രട്ടറി ജനറൽ ഡോ. ഗിയാത്ത് ഷബ്സി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.