മസ്കത്ത്: ആണവ വിഷയവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും നടത്താനിരുന്ന നാലാംഘട്ട ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി അറിയിച്ചു. ചർച്ച ശനിയാഴ്ച റോമിൽ നടക്കുമെന്ന് കരുതിയിരിക്കവേയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ ഒമാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോജിസ്റ്റിക്കൽ കാരണങ്ങളാലാണ് മാറ്റിവെച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ബദർ എക്സിൽ കുറിച്ചു. ഫ്രാൻസിസ് മാർപാപ്പ മരിച്ചതിനെത്തുടർന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് വത്തിക്കാൻ ഉടൻ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചർച്ച നടക്കാതെപോയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനും യു.എസും തമ്മിലുള്ള മൂന്ന് റൗണ്ട് ചർച്ചകൾക്കും അൽ-ബുസൈദി മധ്യസ്ഥത വഹിച്ചിരുന്നു. മസ്കത്തിൽ ചേർന്ന മൂന്നാംഘട്ട ചർച്ചയിൽ പ്രധാന തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, സാങ്കേതിക ആശങ്കകൾ എന്നിവയെല്ലാം അഭിസംബോധന ചെയ്യുകയുണ്ടായി. മൂന്നാംഘട്ട ചർച്ചകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇറാനും അമേരിക്കയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോ ആയിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഇറാൻ ആണവപദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നടന്നുവെന്നാണ് റോയിട്ടേഴ്സ് പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാങ്കേതിക ചർച്ചകൾക്ക് യു.എസിന്റെ ഭാഗത്തുനിന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന മൈക്കൽ ആന്റണും ഇറാന്റെ ഭാഗത്ത്നിന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ കാസെം ഗരിബാബാദിയും മജിദ് തഖ്ത് റവഞ്ചിയും നേതൃത്വം നൽകി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലായിരുന്നു രണ്ടാംഘട്ട ചർച്ച നടന്നിരുന്നത്.
വ്യത്യസ്ത മുറികളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മിഡിലീസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയായിരുന്നു. ഈ ചർച്ചകളെ ‘സൃഷ്ടിപരം’ എന്നും ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്നുമാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആദ്യഘട്ട ചർച്ചയും മസ്കത്തിലായിരുന്നു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.