മസ്കത്ത്: ആദ്യത്തെ അന്താരാഷ്ട്ര ഡൈവിങ് ഫെസ്റ്റിവൽ ആഗസ്റ്റ് 25 മുതൽ 28 വരെ മുസന്ദം ഗവർണറേറ്റിൽ നടക്കും. ഖസബ് കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികൾ കുംസാർ, ദിബ്ബ എന്നീ തീരദേശഗ്രാമങ്ങളിലും അരങ്ങേറും. ഒമാന്റെ വടക്കേ അറ്റത്തുള്ള ഗവർണറേറ്റിന്റെ സുസ്ഥിര വിനോദസഞ്ചാരത്തിലേക്കും സമുദ്രസംരക്ഷണത്തിലേക്കുമുള്ള ഒരു ചുവടുവെപ്പായി വിലയിരുത്തി പരിപാടിയുടെ പ്രഖ്യാപനം ഗവർണറുടെ ഓഫിസ് കഴിഞ്ഞദിവസം നടത്തി.
പരിപാടിയിൽ നിരവധി മത്സരങ്ങളും പൊതുപ്രവർത്തനങ്ങളും ഉണ്ടാകും. കടൽത്തീര ശുചീകരണ കാമ്പയിൻ, ഫ്രീഡൈവിങ് ചാമ്പ്യൻഷിപ്, അണ്ടർവാട്ടർ ഫോട്ടോഗ്രഫി മത്സരം, കയാക്ക് റേസ്, സമുദ്രജീവികളെ കേന്ദ്രീകരിച്ചുള്ള വിഡിയോ മത്സരം എന്നിവയാണ് പ്രധാന പരിപാടികൾ. മുസന്ദത്തിൽനിന്നുള്ള അണ്ടർവാട്ടർ ഫോട്ടോഗ്രാഫുകളുടെ പ്രദർശനം, ഗ്രൂപ് ഡൈവിങ് യാത്രകൾ, ഷോർട്ട് ഫിലിം പ്രദർശനങ്ങൾ, പ്രാദേശിക കരകൗശലവസ്തുക്കൾ, പരമ്പരാഗത ഭക്ഷണം, ഡൈവിങ് ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമുദ്ര തീം മാർക്കറ്റ് എന്നിവയാണ് മറ്റ് പരിപാടികൾ. ഡൈവിങ്ങിനെക്കുറിച്ചുള്ള സമ്മേളനവും ഒമാൻ ഡൈവിങ് ഫെഡറേഷൻ രൂപവത്കരിക്കുന്നതിനെക്കുറിച്ച ചർച്ചകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പവിഴപ്പുറ്റുകളുടെ സംരക്ഷണം, ഗൾഫ് മേഖലയിലെ ഡൈവിങ്ങിലെ ഭാവിപ്രവണതകൾ, ഡൈവിങ് ടൂറിസത്തിലെ നിക്ഷേപം എന്നിവയെക്കുറിച്ച് ശിൽപശാലകളും സെമിനാറുകളും നടക്കും. പ്രഫഷനൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്ടർമാരുടെ സർട്ടിഫൈഡ് കോഴ്സും ഡൈവിങ് സെഷനുകളും ഉണ്ടായിരിക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സയ്യിദ് അൽ ബുസൈദി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രഫഷനൽ, അമച്വർ ഡൈവിങ് സെന്ററുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പ്രഫഷനൽ, അമച്വർ ഡൈവർമാർ, മറൈൻ ടൂറിസം ഓപറേറ്റർമാർ, ഇൻഫ്ലുവൻസർമാർ, ഉപകരണ വിതരണക്കാർ, ഇക്കോ ടൂറിസ്റ്റുകൾ എന്നിവരെ ആകർഷിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസന്ദത്തിലെ സാമ്പത്തികവികസനത്തിന്റെയും ടൂറിസത്തിന്റെയും ഒരു ചാലകശക്തിയായി ഡൈവിങ്ങിന് പ്രവർത്തിക്കാൻ കഴിയും. വർധിച്ചുവരുന്ന ആവശ്യകതയെ പിന്തുണക്കുന്നതിന് പരിശീലനകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഗതാഗതസേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡൈവിങ് അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.