മസ്കത്ത്: ഈമാസം 24 മുതൽ ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തിരശ്ശീല ഉയരുന്ന 26ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളം പുസ്തകങ്ങളുമായി ഇത്തവണയും അൽ ബാജ് ബുക്സ്. മലയാളം പുസ്തകങ്ങൾക്കായി രണ്ടു സ്റ്റാൾ ഒരുക്കുന്നുണ്ട്. പ്രമുഖ മലയാള പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാവും. മലയാള സാഹിത്യ കുലപതികളുടെ രചനകൾ ഉണ്ടാവും. അതോടൊപ്പം, പുതിയ എഴൂത്തുകാരുടെ രചനകളും മേളയുടെ ആകർഷണമാവും. ഈ വർഷത്തെ പുസ്തകമേള ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു.
പതിനയ്യായിരത്തിലധികം പുസ്തകങ്ങളുടെ സ്റ്റോക് എത്തി. ഇതിൽ ഇന്ത്യയിലെ പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങളും ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ലഭ്യമാവും. അടുത്തിടെ പുറത്തിറങ്ങിയ വിവാദ പുസ്തകമായ എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന'യുടെ കോപ്പികളും എത്തി. ഈ വർഷം ജനുവരിവരെ ഡി.സി ബുക്സിൽ നിന്ന് പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളും ഉണ്ടാവും. മേളയിൽ പുസ്തകം വാങ്ങുന്നവർക്ക് 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവുണ്ടായിരിക്കുമെന്നും ഷൗക്കത്തലി പറഞ്ഞു. നോവൽ, കഥകൾ, ആത്മകഥ, ജീവചരിത്രം, പാചക പുസ്തകങ്ങൾ, ബാലസാഹിത്യം, ഉപന്യാസങ്ങൾ, യാത്രാ വിവരണം തുടങ്ങിയവയും ഛേതൻ ഭഗത്, സുധ മൂർത്തി, അമീഷ് തുടങ്ങിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകരുടെ പുസ്തകങ്ങളും വായനക്കാരിലെത്തിക്കാൻ മേള അവസരമൊരുക്കും.
ഷാർജ പുസ്തകമേളയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 'സുൽത്താൻ വാരിയംകുന്നത്ത്'ജേക്കബ് തോമസിന്റെ 'രാജാവ് നഗ്നനാണ്', നമ്പി നാരായണന്റെ 'ഓർമകളുടെ ഭ്രമണപഥം'എന്നീ പുസ്തകങ്ങളുടെ സ്റ്റോക്കുകൾ എത്തി. ലാജോ ജോസിന്റെ 'കന്യ-മറിയ', അജയ് പി. മങ്ങാടിന്റെ 'മൂന്നു കല്ലുകൾ', വി. ഷിനി ലാലിന്റെ 'അടി', പ്രേം കുമാറിന്റെ 'ദൈവത്തിന്റെ അവകാശികൾ', മായാ കിരണിന്റെ 'ദ ബ്രെയിൻ ഗയിം', ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചൻ മഞ്ഞക്കാരൻ', അൻവർ അബ്ദുല്ലയുടെ 'കോമ', കെ.ആർ. മീരയുടെ 'ഘാതകൻ', പവിത്രൻ തീക്കുനിയുടെ 'ചില്ലക്ഷരങ്ങളുടെ നീയും ഞാനും'തുടങ്ങിയ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകങ്ങളും വായനക്കാരുടെ കൈയിലെത്തും. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, തകഴി, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, എം. മുകുന്ദൻ തുടങ്ങിയവരുടെ പുസ്തകങ്ങളും മേളയിലുണ്ടാവും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.