ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിൽനിന്ന്
മസ്കത്ത്: ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിൽ ആതിഥേയരായ ഇന്ത്യൻ സ്കൂൾ ഗൂബ്ര അംബാസഡർ റോളിങ് ട്രോഫി കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ സഹകരണത്തോടെ ഇന്ത്യൻ സ്കൂൾ ഗൂബ്രയായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ , ഇന്ത്യൻ സ്കൂൾ ഗൂബ്ര മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ സംബന്ധിച്ചു.
ഒമാനിലെ ലെ 15 സ്കൂളുകളായിരുന്നു അംബാസഡേഴ്സ് റോളിങ് ട്രോഫിക്കായി മാറ്റുരച്ചത്. ‘നിർമിതബുദ്ധി (എ.ഐ) മനുഷ്യന്റെ സർഗാത്മകതക്കും മൗലികതക്കും ഒരു ഭീഷണിയാണ്’ എന്ന വിഷയത്തിലായിരുന്നു സംവാദം. കുറഞ്ഞ മനുഷ്യ ഇടപെടലുകൾ ഉപയോഗിച്ച് കല, സംഗീതം, എഴുത്ത് എന്നിവ സൃഷ്ടിക്കുന്നതിലൂടെ എ.ഐ മനുഷ്യന്റെ സർഗാത്മക കഴിവുകളെ ദുർബലപ്പെടുത്തുകയാണെന്ന് ഒരു സംഘം വാദിച്ചപ്പോൾ, പ്രചോദനത്തിനും നവീകരണത്തിനുമുള്ള ഒരു ഉപകരണമായി വർത്തിക്കുന്നതിലൂടെ എ.ഐ സർഗാത്മകത വർധിപ്പിക്കുകയാണെന്ന് മറുപക്ഷവും വ്യക്തമാക്കി.
എ.ഐ ശ്രദ്ധയോടെയും ഫലപ്രദമായും ഉപയോഗിക്കണമെന്ന് അംബാസഡർ ജി. വി. ശ്രീനിവാസ് പറഞ്ഞു. ആരോഗ്യകരമായ സംവാദത്തിന്റെ ആശയത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംവാദം വെറും വാക്കുകളേക്കാൾ കൂടുതലാണെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ശ്രീ സയ്യിദ് അഹമ്മദ് സൽമാൻ അഭിപ്രായപ്പെട്ടു; അത് കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനെക്കുറിച്ചും യുക്തിക്ക് മൂർച്ച കൂട്ടുന്നതിനെക്കുറിച്ചും പരസ്പരം ആത്മവിശ്വാസം വളർത്തുന്നതിനെക്കുറിച്ചുമാണ്. സംവാദം കേവലം വാക്കുകളേക്കാൾ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും യുക്തിക്ക് മൂർച്ച കൂട്ടുന്നതിനും സഹായകമാകമെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ അഭിപ്രായപ്പെട്ടു.
മോട്ടിവേഷനൽ സ്പീക്കറും ഓർഗനൈസേഷനൽ ട്രാൻസ്ഫോർമേഷൻ കൺസൾട്ടന്റുമായ ഉമർ ആൽ ബഹ്രി, പ്രമുഖ അക്കാദമിഷ്യയും ഗവേഷകയും എഴുത്തുകാരിയുമായ ഡോ. ഗീതു ആനി മാത്യു, ശാസ്ത്രജ്ഞയും പൊതുപ്രഭാഷകയുമായ ഡോ. ഗുർപ്രീത് കൗർ, പ്രഗത്ഭ ടോസ്റ്റ്മാസ്റ്ററും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റുമായ സുനിൽ സദാശിവൻ എന്നിവരായിരുന്നു ജഡ്ജിങ് പാനൽ.
ബ്രിജേഷ് ചൗധരി മുപ്പരാജുവും ആയത്ത് ഖാനുമടങ്ങുന്ന ഇന്ത്യൻ സ്കൂൾ ഗൂബ്ര ടീമാണ് അംബാസഡേഴ്സ് റോളിങ് ട്രോഫി നേടിയത്. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസും ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാനും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ ബ്രിജേഷ് ചൗധരി മുപ്പരാജു മികച്ച പ്രഭാഷകനായും ഖണ്ഡന പ്രഭാഷകനായും തിരഞ്ഞെടുത്തു. വാദി ആൽ കബീർ ഇന്ത്യൻ സ്കൂളിലെ നതാനിയ മരിയ ഫസ്റ്റ് റണ്ണർ അപ്പും സൂറിലെ ഇന്ത്യൻ സ്കൂളിലെ ജാനകി അനീഷ് സെക്കൻഡ്
റണ്ണർ അപ്പുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.