മസ്കത്ത്: ഒമാനിൽ ചുട് ഉയരാൻ സാധ്യതയുള്ളതിനാൽ പെരുന്നാൾ ആഘോഷങ്ങളുടെ പൊലിമ കുറക്കും. വരുംദിവസങ്ങളിൽ ഒമാനിൽ ചില ദിവസങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് മുതൽ 55ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കനത്ത ചൂടുണ്ടാവുമ്പോൾ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കാലത്ത് പത്തു മുതൽ ഉച്ചക്ക് മൂന്നുവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കരുതെന്നും അധികൃതർ നൽകുന്ന മുന്നറിയിപ്പിൽ ഉണ്ട്.
ഒമാനിൽ ഇപ്പോൾതന്നെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ പൊതുജനങ്ങൾ പൊതുവെ പുറത്തിറങ്ങാറില്ല. പകൽ സമയം മുഴുവൻ താമസ ഇടത്ത് കഴിയുകയും രാത്രി പുറത്തിറങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു രീതി. ഔട്ട്ഡോർ പരിപാടികളെല്ലാം നിലച്ചിട്ടുണ്ട്. പുറത്തുളള കളികൾ, മത്സരങ്ങൾ അടക്കം എല്ലാ കായിക വിനോദങ്ങളും നിലച്ചിട്ടുണ്ട്. എന്തിനേറെ പുറത്തുള്ള വ്യായാമങ്ങളും നടത്തങ്ങളും നിലച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പെരുന്നാൾ പകലിൽ ആഘോഷ പരിപാടികൾ പലതും നടക്കില്ല. പകൽ സമയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും പൊതുസ്ഥലങ്ങളിൽ ഒത്ത് കൂടുന്നതും ഏറെ പ്രയാസകരമാണ്.
അതിനാൽ പകൽ സമയങ്ങളിലെ ആഘോഷങ്ങൾ ഒന്നും നടക്കില്ല. പെരുന്നാൾ പ്രാർഥനകൾ ആറു മണിയോടെയാണ് നടക്കുക. വെയിൽ കത്തുന്നതിന് മുമ്പ് തന്നെ ഈദ്ഗാഹുകളും പെരുന്നാൾ മുസല്ലകളും പിരിയും. പിന്നീട് ഭൂരിഭാഗവും പുറത്തിറങ്ങാൻ സാധ്യതയില്ല. കടുത്ത ചൂട് കാരണം ഈദുഗാഹുകളിലും പ്രാർഥനക്കെത്തുന്നവർ കുറയും. പെരുന്നാൾ വെള്ളിയാഴ്ച ആയതും ആഘോഷ പൊലിമ കുറക്കാൻ കാരണമാക്കും.
എന്നാൽ, ബീച്ചുകളിലും ഫാം ഹൗസുകളിലും ഇത്തവണയും തിരക്ക് വർധിക്കും. ഫാം ഹൗസുകളിൽ ആഘോഷങ്ങൾക്കായി ഇതിനകം മുൻ കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞു.
സാമ്പത്തിക ചെലവുള്ളതിനാൽ സാധാരണ പ്രവാസികളും കുടുംബം ഇല്ലാത്തവരും ഫാം ഹൗസുകളിൽ ആഘോഷം നടത്താനാവില്ല. മാത്രമല്ല ഒമാനിൽ വാടകക്ക് ലഭിക്കുന്ന ഫാം ഹൗസുകളും താരതമ്യേന കുറവാണ്. ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും ആഘോഷം നടത്താൻ ഏറ്റവും പറ്റിയ ഇടം ബീച്ചുകൾ തന്നെയാണ്. അതിനാൽ ബീച്ചുകളിലും കോർണീഷുകളിലും പെരുന്നാൾ ദിവസം വൈകുന്നേരത്തോടെ വൻ തിരക്ക് അനുഭവപ്പെടും. ഇതിൽ ഖുറം, അസൈബ ബീച്ചുകളിലായിരിക്കും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക. എളുപ്പം എത്തിപ്പെടാൻ കഴിയുന്നതിനാൽ മത്ര കോർണീഷിലായിരിക്കും ഈ പെരുന്നാൾ അവധിക്ക് കൂടുതൽ തിരക്കുണ്ടാകുക.
ബലിപെരുന്നാളിനോടനുബന്ധിച്ച് പൊതുഅവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിൽ ജൂൺ അഞ്ചു മുതൽ ഒമ്പതുവരെയാണ് അവധി. വാരാന്ത്യദിനങ്ങളുൾപ്പടെ അഞ്ചു ദിവസം അവധി ലഭിക്കും. 10ന് ഓഫിസുകളും മറ്റും പതിവുപോലെ തുറന്ന് പ്രവർത്തിക്കും. അവധി പ്രഖ്യാപിച്ചതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക് നീങ്ങി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.