സോഷ്യൽ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനിൽ പ്രവാസിയെ നാടുകടത്താൻ ഉത്തരവ്

മസ്കത്ത്: സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത പ്രവാസിക്ക് ഒമാൻ കോടതി തടവുശിക്ഷയും പിഴയും നാടുകടത്തലും വിധിച്ചു. അലി ബയൂമി എന്ന അറബ് പൗരനാണ് കുറ്റക്കാരൻ.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഒരു സ്ത്രീക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 

സുവൈഖ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി  ഇയാൾക്ക് ആറ് മാസം തടവും 500 ഒമാനി റിയാൽ പിഴയും വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ച രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസം തടവും 100 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ. ഇതിൽ കഠിനമായ ശിക്ഷ നടപ്പാക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ ഒമാനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഈ വിധി പരസ്യപ്പെടുത്താനും കോടതി നിർദേശിച്ചു. പ്രതി സോഷ്യൽ മീഡിയ വഴി ഇരയെ നിരന്തരം ബന്ധപ്പെടുകയും, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്നതും പൊതു ധാർമികതക്കും സാമൂഹിക മൂല്യങ്ങൾക്കും നിരക്കാത്തതുമായ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു.

Tags:    
News Summary - Insulting a Woman on Social Media: Expat Ordered to be Deported in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.