വീണ്ടുമൊരു ലോകകപ്പ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒരു മാസക്കാലം ലോകത്തെയാകെ ഒരൊറ്റ പന്തിലേക്ക് ചുരുട്ടിക്കെട്ടി ആവേശത്തിലാഴ്ത്തുന്ന മാന്ത്രികത. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. ഇനി ജീവന്മരണ പോരാട്ടങ്ങളുടെ നാളുകളാണ്. മുന്നിൽ ജയം മാത്രം ലക്ഷ്യം. തോറ്റാൽ പെട്ടിയും മടക്കി മടങ്ങാം. ചെറുപ്പക്കാർ വമ്പന്മാരെ അട്ടിമറിക്കുന്ന ഈ അങ്കത്തട്ടിൽ ഇനി ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന് കണ്ടറിയണം. എന്നെ സംബന്ധിച്ച് ഫുട്ബാൾ എന്നത് വെറുമൊരു കളിയല്ല, പ്രവാസത്തോടും നാടിനോടും ചേർത്തുവെച്ച ഒരുപിടി ഓർമകളുടെ വികാരമാണ്.
ഒമാനിൽ പ്രവാസ ജീവിതം തുടങ്ങിയ ആദ്യകാലത്തെ ലോകകപ്പ് ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. അന്ന് കളി കാണാനായി ആളുകൾ ഒത്തുകൂടിയിരുന്നത് സലാലയിലെ പ്രശസ്തമായ ‘ദോഫാർ ക്ലബിൽ’ ആയിരുന്നു. കളി കാണാനുള്ള ആവേശത്തിൽ, പിറ്റേന്ന് രാവിലെ ജോലിക്ക് പോകേണ്ട കാര്യം പോലും പലരും മറന്നുപോകുമായിരുന്നു. അന്നത്തെ മൈതാനങ്ങളിലെ ഒരേയൊരു സുൽത്താൻ ഡീഗോ മറഡോണയായിരുന്നു. മറഡോണയുടെ കാലുകളിലേക്ക് പന്ത് എത്തുമ്പോൾ ഗാലറിയിലെന്നല്ല, ദോഫാർ ക്ലബിലെ ടിവി സ്‌ക്രീനിന് മുന്നിലിരിക്കുന്ന ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടുമായിരുന്നു. ആ മാന്ത്രികന്റെ ഓരോ ചലനവും അത്രമേൽ ഞങ്ങളെ ആകർഷിച്ചിരുന്നു.
അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിന്റെ ആദ്യ മത്സരങ്ങളൊക്കെ ഞാൻ നാട്ടിൽ നിന്നാണ് കണ്ടത്. നാട്ടിലെ ഫുട്ബോൾ ആവേശം എടുത്തുപറയേണ്ടത് തന്നെയാണ്. കനത്ത മഴയത്തും പാതിരാത്രിയിലുമൊക്കെ വ്യത്യസ്ത ടീമുകളുടെ ഫാൻസ് അസോസിയേഷനുകൾ ഒരുക്കുന്ന വലിയ സ്‌ക്രീനുകൾക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടും. കളി കാണലും, പോർവിളികളും, വീറും വാശിയും നിറഞ്ഞ വിശകലനങ്ങളുമൊക്കെയായി സ്റ്റേഡിയത്തിൽ നേരിട്ടിരുന്ന് കളി കാണുന്ന അതേ അനുഭൂതിയായിരുന്നു അവിടെ. നാട്ടിൽ നിന്നും തിരികെ സലാലയിൽ എത്തിയ ശേഷവും ആ ആവേശം ഒട്ടും കുറഞ്ഞില്ല. ഇവിടെ ‘ഇത്തീൻ സ്‌ക്വയറിൽ’ ഒരുക്കിയ വലിയ സ്‌ക്രീനിലും പോയി കളി കണ്ടു. ഭാഷയും രാജ്യവും അതിരുകളുമെല്ലാം വ്യത്യാസപ്പെടുമ്പോഴും, ലോകത്തെ ഒരൊറ്റ വികാരമായി കോർത്തിണക്കാൻ ഫുട്ബാളിന് കഴിയുന്നു എന്നത് അത്ഭുതകരമാണ്.
കഴിഞ്ഞ 2022-ലെ ഖത്തർ ലോകകപ്പ് ഗാലറിയിൽ നേരിട്ടിരുന്ന് കാണാനുള്ള വലിയൊരു ഭാഗ്യം എനിക്കുണ്ടായി. ആ ലോകകപ്പ് ഫൈനൽ ഒരിക്കലും മറക്കാനാവാത്ത ഒരു ചരിത്രമാണ്. അന്ന് ആ സ്റ്റേഡിയത്തിലുണ്ടായ ജനങ്ങളുടെ ആരവവും ആഹ്ലാദപ്രകടനവും നേരിട്ട് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ട ഒരേയൊരു ടീമേയുള്ളൂ; അർജന്റീന ! ഖത്തറിലെ ഫൈനൽ മത്സരദിവസം മാധ്യമപ്രവർത്തകർ ഞങ്ങളോട് ചോദിച്ചിരുന്നു, ‘ഇത്തവണ കപ്പ് ആര് കൊണ്ടുപോകും?’ എന്ന്. ഒരു സംശയവുമില്ലാതെ അന്ന് ഞാൻ പറഞ്ഞു: ‘അത് അർജന്റീന തന്നെ കൊണ്ടുപോകും.’ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പുതിയ ലോകകപ്പ് വേദിയിലും അതേ മറുപടിയേ നൽകാനുള്ളൂ. നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും കൂട്ടരും ഈ കപ്പും കൊണ്ട് മാത്രമേ മടങ്ങൂ. നെഞ്ചുറപ്പോടെ ഇന്നും പറയുന്നു... ‘വാമോസ് അർജന്റീന..’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.