ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ-യു.കെ പങ്കാളിത്തം

മസ്കത്ത്/ലണ്ടൻ: മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനും യു.കെയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഹുർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി ലണ്ടനിലെ ടെൻ ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയതിന് പുറമെ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യു.കെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും തമ്മിലും കൂടിക്കാഴ്ച നടന്നു.

ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധം കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും ഉതകുന്ന രീതിയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ചും തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും

 

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യു.കെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ നിലവിലുള്ള ശക്തമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഇരുമന്ത്രിമാരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മേഖലയിലെ സമാധാനം നിലനിർത്തുന്നതിനായി നയതന്ത്ര ചർച്ചകൾക്കും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും മുൻഗണന നൽകണമെന്ന് കൂടിക്കാഴ്ചയിൽ ഇരുപക്ഷവും അടിവരയിട്ടു. ആഗോള വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കാത്ത രീതിയിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഹുർമുസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങളിൽ യു.കെയും അമേരിക്കയും അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിൽ ഇറാന്റെ ആധിപത്യം തടയാനുള്ള നയതന്ത്ര-സൈനിക നീക്കമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. ഇറാന്റെ ഇടപെടലിനെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയുമായി ചേർന്ന് ഒമാൻ തീരത്തുകൂടി ഒരു പുതിയ സുരക്ഷിത കപ്പൽപ്പാത ഒമാൻ തുറന്നിരുന്നു.

യു.കെയിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മൻതരിയും ഒമാൻ ഭാഗത്തുനിന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബ്രിട്ടീഷ് പക്ഷത്തുനിന്ന് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ പവൽ, ഒമാനിലെ യുകെ അംബാസഡർ ഡോ. ലിയാൻ സൗണ്ടേഴ്സ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Oman-UK partnership to ensure security in the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.