ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) സലാലയുടെ നേതൃത്വത്തിൽ നടന്ന
സ്വാതന്ത്ര്യദിനഘോഷം
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) സലാല സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ക്ലബ് ഹാളിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, എം.സി അംഗങ്ങളും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, എസ്.എം.സി അംഗങ്ങൾ, കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികൾ ദിനം മുഴുവൻ നടന്ന പരിപാടികളിൽ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി.
വൈകീട്ട് 4.30 മുതൽ ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രവാസികൾക്ക് പ്രയോജനമായ ക്യാമ്പിൽ പ്രാഥമിക പരിശോധനകൾക്കൊപ്പം ഏഴോളം വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായി.
രാത്രി എട്ടുമണിക്ക് ആരംഭിച്ച സാംസ്കാരിക സന്ധ്യ അർധരാത്രി വരെ നീണ്ടു. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝ അധ്യക്ഷനായ ചടങ്ങിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഹക്കീം മുഹമ്മദ് സാലെ അൽ മക്സൂം മുഖ്യാതിഥിയായി.
മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സൽമ അൽ അമ്രി,സൽമ മുസല്ലം സഈദ് അലാമ്രി, സുലൈമാൻ മുഹമ്മദ് മുകൈബൽ, ഘാനിം അവദ് രജബ് ബൈത് സുവൈലിം എന്നിവർ പങ്കെടുത്തു.
ഒമാനി വനിതാ അസോസിയേഷനിലെ ധനകാര്യ ഓഫിസർ ഡയാന, സലാം എയറിലെ അമിറ, മറ്റു അതിഥികളും സംബന്ധിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഭാഷാ വിഭാഗങ്ങളുടെ കൺവീനർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത കലാരൂപങ്ങളും ദേശീയ നൃത്തങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.