മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്തിന്റെ 30ാമത് വാർഷിക അത്ലറ്റിക് മീറ്റ് വത്തായയിലെ ആർ.ഒ.പി സ്റ്റേഡിയത്തിൽ നടന്നു. ബാപ്പു, സി.വി. രാമൻ, ടാഗോർ, വിവേകാനന്ദൻ എന്നിങ്ങനെ നാലു ഹൗസുകളാക്കി തിരിച്ചായിരുന്നു മത്സരം.
ചാമ്പ്യൻ ട്രോഫി ബാപ്പു ഹൗസ് ഉയർത്തിയപ്പോൾ വിവേകാനന്ദ ഹൗസ് റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. മാർച്ച് പാസ്റ്റ് ട്രോഫി ബാപ്പു ഹൗസ് കരസ്ഥമാക്കിയപ്പോൾ വിവേകാനന്ദ ഹൗസ് രണ്ടാം സ്ഥാനത്തെത്തി. ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ റിലേ (4X100 മീ) മത്സരത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂൾ ദാർസൈത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങ് മത്ര വിലായത്തിലെ മജ്ലിസ് ശൂറ അംഗം ഡോ. സെയ്ദ് ബിൻ സലിം ബിൻ മുഹമ്മദ് അൽ വഹൈബി ഉദ്ഘാടനം ചെയ്തു. ഒമാൻ പാരാലിമ്പിക് കമ്മിറ്റി തലവനും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ ഉപദേഷ്ടാവുമായ ഡോ. മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി വിശിഷ്ടാതിഥിയായി.
ഒമാൻ രാജകീയ ഗാനവും ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ചായിരുന്നു പരിപാടി ആരംഭിച്ചത്. മുഖ്യാതിഥിയെയും മറ്റ് വിശിഷ്ടാതിഥികളെയും ഹെഡ് ഗേൾ ഭാവിക ബിജു സ്വാഗതം ചെയ്തു. സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ വിദ്യാർഥികളുടെ പരേഡും നടന്നു. ഉദ്ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റ് സംഘങ്ങളുടെ സല്യൂട്ട് മുഖ്യാതിഥി സ്വീകരിച്ചു. തുടർന്ന് സ്പോർട്സ് ക്യാപ്റ്റൻ ജോൺ ആഡംസ് കുര്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റബീഅ റാഷിദ് അൽ ബുസൈദി, ഖാലിദ് സലിം മുഹമ്മദ് അൽ വഹൈബി, യൂനുസ് സഖി അൽ ബലൂഷി, ഡയറക്ടർ ഇൻ ചാർജ് എൻ. സിറാജുദ്ദീൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥിയും എസ്.എം.സി.യിലെ അംഗങ്ങളും പ്രിൻസിപ്പലും സമ്മാനിച്ചു.
അത്ലറ്റിക്സിന്റെ സമാപന പ്രഖ്യാപനം ഡോ. കുര്യൻ എബ്രഹാം നടത്തി. ഹെഡ് ബോയ് മഗന്ദ ദിനേശ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.