ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കസഖ്സ്താനിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ
കസഖ്സ്താൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ മടങ്ങി
അസ്താന: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കസഖ്സ്താനിലെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി. അസ്താനയിലെ നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് സുൽത്താന് യാത്രയയപ്പ് നൽകി. ഒമാൻ എംബസി ഉദ്യോഗസ്ഥരും കസഖ്സ്താനിലെ മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
കസഖ്സ്താൻ വിടുന്നതിന് മുന്നോടിയായി സുൽത്താൻ ഹൈതം ബിൻ താരിക് പ്രസിഡന്റ് കാസിം ജോമാർട്ടിന് നന്ദി സൂചകമായി സന്ദേശമയച്ചു. തനിക്കും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സുൽത്താൻ നന്ദി അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സന്ദർശനം സഹായിക്കുമെന്ന് സുൽത്താൻ സന്ദേശത്തിൽ വ്യക്തമാക്കി. വിവിധ മേഖലകളിൽ ഒമാനും കസഖ്സ്താനും തമ്മിലുള്ള സഹകരണവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ ഈ സന്ദർശനം പുതിയ വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസ്താന ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ സുൽത്താൻ സന്ദർശിച്ചു
അസ്താന: കസഖ്സ്താൻ സന്ദർശനത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് തലസ്ഥാന നഗരമായ അസ്താനയിലെ ‘അസ്താന ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (എ.ഐ.എഫ്.സി) സന്ദർശിച്ചു. കസഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവും സുൽത്താനൊപ്പമുണ്ടായിരുന്നു.
ധനകാര്യ കേന്ദ്രത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ചും കസഖ്സ്താനെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോം വഹിക്കുന്ന പങ്കിനെക്കുറിച്ചും സുൽത്താന് പ്രസിഡന്റ് വിശദീകരിച്ചു നൽകി. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിലും സാമ്പത്തിക വിപണിയുടെ വികസനത്തിലും അന്താരാഷ്ട്ര നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി.
കൂടാതെ ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ ടെക്‌നോളജി, ഇസ്‌ലാമിക് ഫിനാൻസ് എന്നീ മേഖലകളിലെ കേന്ദ്രത്തിന്റെ പുതിയ സംരംഭങ്ങളെയും പ്രാദേശിക-അന്തർദേശീയ തലങ്ങളിലെ സഹകരണ സാധ്യതകളെയും കുറിച്ചും സുൽത്താൻ വിവരങ്ങൾ ആരാഞ്ഞു. കസഖ്സ്താനുമായി സാമ്പത്തിക-നിക്ഷേപ മേഖലകളിൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാനും ധനകാര്യ മേഖലയിലെ പരസ്പര സഹകരണം വർധിപ്പിക്കാനുമുള്ള ഒമാന്റെ താൽപര്യമാണ് സുൽത്താന്റെ ഈ സന്ദർശനത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.