ഇന്ത്യ-ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ സജീവമാക്കും; തന്ത്രപ്രധാന ചർച്ച ന്യൂഡൽഹിയിൽ സമാപിച്ചു

ന്യൂഡൽഹി: ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനഞ്ചാമത് തന്ത്രപ്രധാന കൺസൾട്ടേറ്റിവ് ഗ്രൂപ്പ് യോഗം ന്യൂഡൽഹിയിൽ പൂർത്തിയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൂടുതൽ സജീവമാക്കുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചകളാണ് യോഗത്തിൽ നടന്നത്. വ്യാപാര-നിക്ഷേപ രംഗങ്ങളിലെ സഹകരണം വിപുലപ്പെടുത്താനും സംയുക്ത സാമ്പത്തിക പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യൻ കാര്യ സെക്രട്ടറി പ്രിയ രംഗനാഥൻ, ഒമാൻ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി എന്നിവർ യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ഷൈബാനിയും ഇരുപക്ഷത്തെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) വഴി ഇതിനകം കൈവരിച്ച പുരോഗതികൾ വിലയിരുത്തിയ യോഗം, വ്യോമയാനം, മാരിടൈം ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, ഊർജം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കാൻ ധാരണയിലെത്തി.

കൂടാതെ, പ്രതിരോധം, ഡിജിറ്റൽ സഹകരണം, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവക്കൊപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യോഗം അവലോകനം ചെയ്തു. ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉൾപ്പെടെയുള്ള പ്രാദേശിക-അന്തർദേശീയ സുരക്ഷാ വിഷയങ്ങളും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ തന്ത്രപ്രധാന പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ ദൃഢമാക്കുമെന്ന ഉറപ്പോടെയാണ് യോഗം സമാപിച്ചത്.

Tags:    
News Summary - India Oman Economic Partnership Agreement to be activated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.