ഇൻസ്പയർ ഒമാൻ: നിക്ഷേപലോകത്തേക്ക് ഒരു പുതിയ ചുവടുവെപ്പ്

സാമ്പത്തിക കാര്യങ്ങളെ പ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന എനിക്ക് വരുന്ന ആഴ്ച ഒമാനിൽ നടക്കുന്ന ‘ഇൻസ്പയർ ഒമാൻ’ എന്ന പരിപാടി വളരെ ആകർഷകമായി തോന്നി. അതുകൊണ്ടു തന്നെ ഏകദേശം പത്തു വർഷമായി ഒമാനിൽ താമസിക്കുന്ന എനിക്ക് അതിനെപ്പറ്റി ഒരു അഭിപ്രായം ഈ പംക്തിയിൽ കൂടി പറയണമെന്നു തോന്നി. ഒമാന്റെ സാമ്പത്തിക വളർച്ചയും രാജ്യത്തെ ബിസിനസ് സമൂഹത്തിന്റെ വിജയകഥകളും പുതിയ നിക്ഷേപ സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.

ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി വിവിധ മേഖലകളിൽ നിക്ഷേപ സാധ്യതകൾ വികസിപ്പിച്ചുവരികയാണ്. എണ്ണയിൽ നിന്ന് വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ഉള്ള മാറ്റം പ്രകടമാണ്. ഊർജം, ലോജിസ്റ്റിക്സ്, വ്യവസായം, ടൂറിസം, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, മൈനിങ്, ഫിഷിങ്, ഹോസ്പിറ്റാലിറ്റി, ഗൃഹനിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നിരവധി മേഖലകൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു.

എടുത്തു പറയേണ്ടത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിന്റെക് മേഖലയിലെ വലിയ അവസരങ്ങളാണ്. അതുകൊണ്ടു തന്നെ ഒമാനിലെ സംരംഭകർ, നിക്ഷേപകർ, അന്താരാഷ്ട്ര കമ്പനികൾ, മറ്റു ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും രാജ്യത്തിന്റെ മാറിവരുന്ന സാമ്പത്തിക സാഹചര്യവും നിക്ഷേപ സാധ്യതകളും അന്താരാഷ്ട്ര സമൂഹത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്നുതന്നെ പറയാം. ഈ ഒരു സംരംഭത്തിലൂടെ ഒമാന്റെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും മുകളിൽ പറഞ്ഞ മേഖലകളിലുള്ള അപാരമായ നിക്ഷേപ അവസരങ്ങളെക്കുറിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള സംരഭകർക്കു പ്രചോദനം നൽകാൻ കഴിയുമെന്നു നിസ്സംശയം പറയാം.

ഒമാന്റെ സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന ചട്ടക്കൂടാണ് ഒമാൻ വിഷൻ 2040. സാമ്പത്തിക വൈവിധ്യവൽക്കരണം, സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തൽ, വിദേശ നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം എന്നിവയ്ക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്. അതുപോലെ സാങ്കേതികവിദ്യയെ ഒമാന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇ -ഗവേണൻസ്, ബാങ്കിങ്, മാൽ കാർഡ് പോലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്സ്, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലേക്ക് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ രാജ്യത്തിന്റെ ഭാവി സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.

ഫിൻടെക് മേഖലയിൽ ഒമാനിൽ ഉയർന്നുവരുന്ന സാധ്യതകളും പ്രധാനമാണ്. അതുപോലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം, നിർമിത ബുദ്ധിയുടെ ഉപയോഗം (എ.ഐ) തുടങ്ങിയ മേഖലകളും ചർച്ച ചെയ്യപ്പെടണം. സുരക്ഷിതവും വിശ്വാസയോഗ്യവുമായ ഡിജിറ്റൽ അന്തരീക്ഷം ഉണ്ടാകേണ്ടത്‘കാഷ്‌ലെസ് ഇക്കോണമി’ എന്ന ഉദ്ദേശ ലക്ഷ്യവും അതുപോലെ രാജ്യ പുരോഗതിക്കും അനിവാര്യമാണെന്ന കാര്യവും ചർച്ച ചെയ്യപ്പെടുമെന്ന് കരുതാം.

പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്, ഒമാന്റെ മൊത്തം ജനസംഖ്യ 5.45 ദശലക്ഷം ആണ്. അതിൽ 56 ശതമാനത്തിൽ അധികം തദ്ദേശീയർ ആണ്. രണ്ടക്ക വളർച്ചയാണ് ഒമാനി ജനസംഖ്യയിൽ രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ വരും കാലങ്ങളിൽ ഉയർന്ന തോതിലുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഒമാന്റെ സുസ്ഥിരമായ വികസനത്തിന് ഇത്തരം ഉന്നത നിലവാരത്തിലുള്ള വികസന സെമിനാറുകൾ അനിവാര്യമാണ്.

വിവിധ മേഖലകളിലെ വ്യവസായ പ്രമുഖർ, കമ്പനി സി.ഇ.ഒമാർ, നിക്ഷേപകർ, സർക്കാർ പ്രതിനിധികൾ, സംരംഭകർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിയിലൂടെ പുതിയ നിക്ഷേപ ബന്ധങ്ങൾക്കും ബിസിനസ് സഹകരണങ്ങൾക്കും അവസരമൊരുക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ആശയങ്ങളെ നിക്ഷേപങ്ങളിലേക്കും നിക്ഷേപങ്ങളെ സുസ്ഥിരമായ വളർച്ചയിലേക്കും മാറ്റുന്ന ഒരു പ്രധാന വേദിയായി ഇതുമാറട്ടെ. ഇതിനു വേദി ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്ക് അഭിവാദനങ്ങൾ.

ഒമാനിലും പുറത്തുമുള്ള നിക്ഷേപകർക്കും സംരംഭകർക്കും വ്യവസായ രംഗത്തെ പ്രമുഖർക്കും പുതിയ അവസരങ്ങൾ കണ്ടെത്താനും തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും വേദിയൊരുക്കുന്ന ചലനാത്മകമായ ഒരു വേദി ആയി ഇൻസ്‌പയർ ഒമാൻ മാറട്ടെ. വൈവിധ്യവൽക്കരിക്കപ്പെട്ടതും നൂതനവും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒമാന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കുന്നതിനും ഈ സംരംഭം ഗണ്യമായ സംഭാവന നൽകട്ടെ. ഒക്ടോബർ 14ന് നടക്കുന്ന ഈ സെമിനാറിന് എല്ലാ ആശംസകളും.

(മസ്‌കത്തിലെ ഗ്ലോബൽ പേ ഒമാൻ ഹെഡ് ആണ് ലേഖകൻ)

Tags:    
News Summary - Inspire Oman: A new step into the world of investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.