ഒമാൻ-കസഖ്സ്താൻ സഹകരണത്തിൽ പുതിയ അധ്യായം; 15 കരാറുകളിൽ ഒപ്പുവെച്ചു

മസ്കത്ത്: ഒമാനും കസഖ്സ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ 15 നിർണായക കരാറുകളിൽ ഒപ്പുവെച്ചു. കസഖ്സ്താൻ തലസ്ഥാനമായ അസ്താനയിലെ പാലസ് ഓഫ് ഇൻഡിപെൻഡൻസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, കസഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്.

അഞ്ച് പ്രധാന കരാറുകളും പത്ത് ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും കൈമാറി. ഇതിന് പുറമെ ഒരു നിബന്ധനാ പത്രിക, കമ്മ്യൂണിക്കേഷൻ സഹകരണ കരാർ, എക്സിക്യൂട്ടീവ് കരാർ, രണ്ട് സഹകരണ കരാറുകൾ എന്നിവയിലും ഒപ്പുവെച്ചിട്ടുണ്ട്. യുറേഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ ഒമാൻ അംഗത്വം നേടുന്നതിനും ബാങ്കിന്റെ സാന്നിധ്യം ഒമാനിൽ ഉറപ്പാക്കുന്നതിനുമുള്ള കരാറുകൾ ഒപ്പുവെച്ചവയിൽ ഉൾപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപ പ്രോത്സാഹനവും സംരക്ഷണവും ഉറപ്പാക്കും. 150 ദശലക്ഷം യു.എസ് ഡോളറിന്റെ സംയുക്ത നിക്ഷേപ ഫണ്ട് രൂപീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കരാറും ഇതിൽ ഉൾപ്പെടുന്നു.

എണ്ണ, വാതക മേഖലയിൽ ഒമാന്റെ ഒക്യു ഗ്രൂപ്പും കസഖ്സ്താന്റെ ദേശീയ കമ്പനിയായ കാസ്മുനായ്ഗാസും തമ്മിൽ എണ്ണ, വാതക പര്യവേക്ഷണത്തിനും ഉൽപാദനത്തിനുമുള്ള നിക്ഷേപ അവസരങ്ങൾക്കായി രണ്ട് സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. കസഖ്സ്താനിലും അന്താരാഷ്ട്ര വിപണിയിലും പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിനായി ഒ-ഗ്രീൻ, സംറൂക് എനർജി എന്നിവ തമ്മിൽ സുപ്രധാന കരാറിലേർപ്പെട്ടു. കൂടാതെ, ധാതു പര്യവേക്ഷണ മേഖലയിലെ നിർമിതബുദ്ധി (എ.ഐ) ഉപയോഗത്തിനായി ഒമാൻ-കസഖ്സ്താൻ സെന്റർ സ്ഥാപിക്കുന്നതിനും തീരുമാനമായി.

ഇരുരാജ്യങ്ങളും തമ്മിൽ വ്യോമഗതാഗത കരാറും ഒമാൻ-കസഖ്സ്താൻ ബിസിനസ് കൗൺസിൽ രൂപീകരണത്തിനുള്ള കരാറും ഒപ്പുവെച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കസഖ്സ്താനിലെ നാഷണൽ ചേംബർ ഓഫ് ഒന്റർപ്രണേഴ്സും തമ്മിലും ധാരണാപത്രമായി. ഒമാനിലെ ബ്ലൂ സിറ്റിയിൽ റിക്സോസ് ഹോട്ടൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നിബന്ധനാ പത്രികയും കൈമാറി. ഇവക്കു പുറമെ, നയതന്ത്രപഠനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, കന്നുകാലി-മത്സ്യ സമ്പത്ത്, വിവരസാങ്കേതികവിദ്യ, സാംസ്കാരിക-യുവജന ക്ഷേമം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കും.

ഒമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് കരാറുകളിൽ ഒപ്പുവെച്ചത്. കസഖ്സ്താൻ വിദേശകാര്യ മന്ത്രി മുഖ്താർ തിലൗബെർദി ഉൾപ്പെടെയുള്ള പ്രമുഖർ കസാക്കിസ്ഥാന് വേണ്ടിയും ഒപ്പുവെച്ചു.

Tags:    
News Summary - Oman-Kazakhstan cooperation opens new chapter; 15 agreements signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.