മസ്കത്ത്: സാമ്പത്തിക വളര്‍ച്ചക്ക് ശക്തമായ അടിത്തറയിടാന്‍ സഹായിക്കുന്ന നയങ്ങളാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും സുപ്രീംകോടതി അഭിഭാഷകനുമായ ഡോ. ഹോമി ഫിറോസ് റാനിന അഭിപ്രായപ്പെട്ടു. പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേണ്‍ എക്സ്ചേഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ ബജറ്റിനെ കുറിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്വതയാര്‍ന്ന നയങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക ഭദ്രതയടക്കം നേട്ടം കൊയ്യാന്‍ സഹായകമായ നടപടികളുമാണ് കേന്ദ്രം ബജറ്റില്‍ കൈക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ബജറ്റ് രാജ്യത്തിനെ സഹായിക്കും.
ഗ്രാമീണ മേഖല, കാര്‍ഷിക മേഖല, സാമൂഹിക സുരക്ഷിതത്വം, ആരോഗ്യം, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍, ധനകാര്യമേഖല തുടങ്ങി പ്രത്യേക ശ്രദ്ധ വേണ്ട മേഖലകളെയെല്ലാം ബജറ്റ് പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.
ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമാനിലെ ഇന്ത്യന്‍ സ്വദേശികള്‍ക്ക് ബജറ്റിലെ നയങ്ങളും നിര്‍ദേശങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഗതിവേഗം കൂട്ടുമെന്നതടക്കം വിവരങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് സെമിനാര്‍ കൊണ്ട് ലക്ഷ്യമിട്ടതെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ സെമിനാറില്‍ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.