ഇന്ത്യ-ഒമാൻ സാമ്പത്തിക സഹകരണം; ഐ.ഒ.എൻ ബിസിനസ് സമ്മേളനം ഇന്നുമുതൽ

മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളിൽ പുതിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് (ഐ.ഒ.എൻ) സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസുകൾക്ക് തിങ്കളാഴ്ച തുടക്കമാവും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) പശ്ചാത്തലത്തിൽ, ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

മസ്‌കത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലാണ് വെർച്വൽ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. കൃഷി, ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ നിക്ഷേപ സാധ്യതകളും സംയുക്ത സംരംഭങ്ങളും കോൺഫറൻസിൽ ചർച്ചയാകും. ഇന്ത്യയിലെയും ഒമാനിലെയും സർക്കാർ പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഇരുരാജ്യങ്ങളിലെയും സംരംഭകർക്ക് തങ്ങളുടെ ബിസിനസ് നിർദേശങ്ങൾ അവതരിപ്പിക്കാനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും ഈ കോൺഫറൻസ് അവസരമൊരുക്കും. ഒമാന്റെ ‘വിഷൻ 2040’ പദ്ധതിയും ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ചയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ‘അയോൺ’ വഴി സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾ ഈ പ്ലാറ്റ്‌ഫോമിൽ നടക്കും.

ഒമാനിൽ ഔഷധ നിർമ്മാണ മേഖലയിൽ സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കുക, ഒമാനിൽ ആയുർവേദ സസ്യങ്ങൾ കൃഷി ചെയ്യുകയും അവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുക, സുഹാർ സ്പെഷ്യൽ ഇക്കണോമിക് സോൺ വഴി പ്രാദേശിക ചരക്കുനീക്കം പുനഃക്രമീകരിക്കുക, ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴം-പച്ചക്കറി വിതരണത്തിനായി പ്രത്യേക ഹബ്ബ് സ്ഥാപിക്കുക, സലാലയിൽ ആധുനിക രീതിയിലുള്ള മത്സ്യ സംസ്കരണ പ്ലാന്റുകൾ ആരംഭിക്കുക, പ്രത്യേക താല്പര്യങ്ങൾ മുൻനിർത്തി വിദഗ്ധർ അടങ്ങുന്ന ബിസിനസ് സംഘങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയവക്കാണ് സമ്മേളനത്തിൽ ഊന്നൽ നൽകുക.

ഇന്ത്യ-ഒമാൻ സാമ്പത്തിക മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ള എല്ലാ സംരംഭകരെയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Tags:    
News Summary - India-Oman economic cooperation; ION Business Conference from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.