മസ്കത്തിൽ നടന്ന ഇന്ത്യ-ഒമാൻ സംയുക്ത കമീഷൻ യോഗത്തിൽനിന്ന്
മസ്കത്ത്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ ഇന്ത്യയും ഒമാനും തീരുമാനിച്ചു. മസ്കത്തിൽ നടന്ന 11ാമത് ഇന്ത്യ-ഒമാൻ സംയുക്ത കമീഷൻ യോഗത്തിന്റെ സമാപനത്തിലാണ് തീരുമാനം.
യോഗത്തിൽ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവർ പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, മറ്റ് പ്രധാന മേഖലകൾ എന്നിവയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫലപ്രദമായ ചർച്ചകൾ സംയുക്ത കമീഷൻ യോഗത്തിൽ നടന്നു.
ഇന്ത്യ-ഒമാൻ സംയുക്ത കമീഷൻ യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവർ
2023 ഡിസംബർവരെ ഒമാനിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം 750 ദശലക്ഷം റിയാലാണ്. 2000-2024 വർഷങ്ങളിൽ ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം നിക്ഷേപം 600 ദശലക്ഷം റിയാലിലുമെത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ ആഴത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ് പ്രശംസിച്ചു. 25വർഷത്തിനുശേഷം ആദ്യമായിട്ടാണ് 2023 ഡിസംബറിൽ സുൽത്താൻ ഇന്ത്യ സന്ദർശിച്ചത്. ഒമാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഈ സന്ദർശനം ഒരു പ്രധാന നാഴികക്കല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2023 ൽ ഉഭയകക്ഷി വ്യാപാരം 2.05 ശതകകോടി റിയാലിലെത്തി.
ഇത് സാമ്പത്തിക ബന്ധങ്ങളുടെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അൽ യൂസഫ് കൂട്ടിച്ചേർത്തു. സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിലെത്തുന്നതിന് മുമ്പ് ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതിനാൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ബിസിനസ്, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് നിരവധി സാധ്യതകളുണ്ടെന്ന് ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
സാങ്കേതികവിദ്യ, വ്യവസായം, കൃഷി, ടൂറിസം, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.