മസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് ആഭ്യന്തരവിമാന യാത്രികരുടെ എണ്ണത്തിൽ വർധന. മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ എത്തിയ വിമാനങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 66.7 ശതമാനത്തിന്റെ ഉയർച്ച രേപ്പെടുത്തി. പുറപ്പെട്ട വിമാനങ്ങളുടെ എണ്ണത്തിൽ 65.9 ശതമാനത്തിന്റെ വർധനയുമുണ്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണിത് പറയുന്നത്. 2020ലെ ഇതേ കാലയളവുമായി നോക്കുമ്പോൾ കഴിഞ്ഞ നവംബർ അവസാനത്തോടെ ആഭ്യന്തര വിമാനങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 100.8 ശതമാനമായി വർധിച്ചു. അതേസമയം, വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ കുറവാണ്. മസ്കത്ത് എയർപോർട്ടിൽ 21.7 ശതമാനത്തിന്റെ ഇടിവാണ് വന്നത്.
കഴിഞ്ഞ വർഷം നംവംബർ അവസാനത്തോടെ 23,303 ഫ്ലൈറ്റുകളാണ് ഇവിടെ എത്തിയത്. എന്നാൽ 2020ലെ ഇക്കാലയളവിൽ 29,765 അന്താരാഷ്ട്ര വിമാനങ്ങൾ ലഭിച്ചിരുന്നു. 2021 നവംബർ അവസാനത്തോടെ 25, 45,037 അന്താരാഷ്ട്ര വിമാനയാത്രികരാണ് രാജ്യത്ത് എത്തിയത്. 2020ൽ ഇത് 35,40,475 ആണ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 28.1 ശതമാനത്തിന്റെ കുറവുണ്ടായി. സലാല എയർപോർട്ടിൽ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ 0.2 ശതമാനത്തിന്റെ ഇടിവാണ് വന്നത്. എന്നാൽ, ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം 78.3 ആയി വർധിച്ചു. 2020മായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ 90.9 ശതമാനം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2020ൽ സുഹാർ വിമാനത്താവളത്തിൽ 534 അന്താരാഷ്ട്ര വിമാനങ്ങളാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷമിത് 182 ആയി ചുരുങ്ങി. 65.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ദുകം എയർപോർട്ടിൽ ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായി. കഴിഞ്ഞ നവംബർ അവസാനത്തോടെ 570 വിമാനങ്ങളാണ് ഇവിടെ എത്തിയത്. 2020ലെ ഇക്കാലയളവിൽ 170 എണ്ണമായിരുന്നു. 235.3 ശതമാനത്തിന്റെ ഉയർച്ച. മസ്കത്ത് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിൽ. കഴിഞ്ഞ നവംബർ അവസാനംവരെ 1,06,933 ഇന്ത്യക്കാരാണ് മസ്കത്ത് എയർപോർട്ടിലൂടെ യാത്ര ചെയ്തത്. ബംഗ്ലാദേശ്- 34,497, പാകിസ്താൻ -29,890 എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള മറ്റ് രാജ്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.