മസ്കത്ത്: ലോകത്തിലെ ഏറ്റവും വേഗത്തിൽ എയ്ഡ്സ് മഹാമാരി പടരുന്ന മേഖലായി കിഴക്കൻ മെഡിറ്ററേനിയൻ മേഖല മാറിയതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഒരു ദശാബ്ദത്തിനുള്ളിൽ പുതിയ അണുബാധ കേസുകൾ ഇരട്ടിയിലധികം ഉയർന്നതായാണ് സംഘടനയുടെ റിപ്പോർട്ട്. 2016ലെ 37,000 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ ഈ മേഖലയിൽ ഏകദേശം 72,000 പുതിയ കേസുകൾ രേഖപ്പെടുത്തി.
പരിശോധനയും ചികിത്സയും തമ്മിലുള്ള വൈരുധ്യം കൂടുതൽ വലുതാകുന്നതായി ലോക എയ്ഡ്സ് ദിന സെമിനാറിൽ ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിലെ ഡബ്ലിയു.എച്ച്.ഒ ഡയറക്ടറായ ഡോ. ഹനാൻ ബൽഖി പറഞ്ഞു. അപകീർത്തിയും സാമൂഹികഅകലവും മൂലം ചികിത്സ തേടുന്നതിൽ പലരും മടിക്കുന്നതിനാൽ ആഗോള ലക്ഷ്യങ്ങളിൽ നിന്ന് മേഖല പിന്നിലാകുന്ന സാഹചര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
എച്ച്.ഐ.വി ബോധവത്കരണ പ്രവർത്തനങ്ങളിൽ ഒമാന്റെ മുന്നേറ്റത്തെ ജി.സി.സി രാജ്യങ്ങളിലെ യുനൈറ്റഡ് നാഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) സബ് റീജ്യനൽ ഓഫിസ് പ്രശംസിച്ചെങ്കിലും സ്വദേശികളിൽ പുതിയ എച്ച്.ഐ.വി രോഗനിർണയ കേസുകൾ വർധിക്കുന്നത് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതായി മുന്നറിയിപ്പ് നൽകി. എച്ച്.ഐ.വിയും സിഫിലിസും മാതാവിൽ നിന്ന് ശിശുവിലേക്ക് പകരുന്നത് ഇല്ലാതാക്കിയതിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒമാന്‍ 2022ൽ ലഭിച്ചിരുന്നു. ഇത് ദീർഘകാലത്തെ ഗർഭപരിചരണത്തിലും പ്രാഥമികാരോഗ്യപരിചരണത്തിലും നടത്തിയ നിക്ഷേപത്തിന്റെ ഫലമാണെന്ന് ഏജൻസി പറഞ്ഞു.
എന്നാലും, കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഒമാനി പൗരന്മാരിൽ വർഷത്തിൽ 140ലധികം പുതിയ കേസുകൾ കണ്ടെത്തിയതായി യു.എൻ.എഫ്.പി.എ അറിയിച്ചു. 25 മുതൽ 34 വരെ പ്രായമുള്ളവരിലാണ് കേസ് വർധന രേഖപ്പെടുത്തിയത്. ഏറെപ്പേർ വൈകിയ ഘട്ടത്തിലാണ് രോഗനിർണയം നടത്തുന്നത്.
ഇത് രോഗത്തിന്റെ സങ്കീർണതസാധ്യതയും അറിഞ്ഞോ അറിയാതെയോ വൈറസ് പകരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
ഒമാനിൽ എച്ച്.ഐ.വി പരിശോധനക്കും ചികിത്സക്കും വിഘാതമാവുന്ന നിയമങ്ങളും നയങ്ങളും പുനഃപരിശോധിക്കുക, രാജ്യവ്യാപക ബോധവത്കരണപ്രചാരണങ്ങൾ നടത്തുക, സ്കൂളുകളിലൂടെ യുവജനങ്ങൾക്കായുള്ള പ്രതിരോധപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, പതിവ് ആരോഗ്യപരിശോധനകളും സ്വയംപരിശോധനകളും ഉൾപ്പെടുന്ന വികേന്ദ്രീകൃത പരിശോധനയും ആവശ്യമാണെന്നും ഏജൻസി ശുപാർശ ചെയ്തു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പൊതുജനാരോഗ്യ ഭീഷണിയെ പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യവും പൊതുജനാരോഗ്യശേഷിയും ഒമാന്‍ ഇപ്പോഴും നിലനിൽക്കുന്നു എന്ന് യു.എൻ.എഫ്.പി.എ പറഞ്ഞു. എച്ച്.ഐ.വിയെ ധാർമികവിധിയായല്ല, പൊതുജനാരോഗ്യ പ്രശ്നമായിട്ടാണ് സമീപിക്കേണ്ടതെന്നും പരിശോധനയും നേരത്തെയുള്ള രോഗനിര്‍ണയവും ബോധവത്കരണ പ്രവർത്തനങ്ങളും വ്യാപിപ്പിച്ചാൽ നിലവിലെ പ്രവണതകൾക്ക് തടയിടാൻ മേഖലക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.