മസ്കത്ത്: അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തിൽ ഏഷ്യയിൽ രണ്ടാമെതത്തി ഒമാൻ. നംബിയോ വേൾഡ് എയർ ക്വാളിറ്റി സൂചികയിലാണ് ഒമാന്റെ നേട്ടം. സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒമാൻ സുൽത്തനേറ്റിലെ അന്തരീക്ഷനിലവാരം മെച്ചപ്പെടുത്താനുള്ള അധികൃതരുടെ ശ്രമങ്ങളാണ് ഇതോടെ ഫലം കാണുന്നത്. ഫലപ്രദമായ നിയമങ്ങൾ, നവീന നിരീക്ഷണ സാങ്കേതികവിദ്യകൾ, ക്രമബദ്ധമായ വ്യവസായിക രീതികൾ എന്നിവയിലൂടെ വായുനിലവാരം മെച്ചപ്പെടുത്തുന്ന ഒമാന്റെ പരിശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് പരിസ്ഥിതി അതോറിറ്റി പറഞ്ഞു.
ഏഷ്യയിലുടനീളം, 2025ലെ വായു ഗുണനിലവാര ചിത്രം വ്യത്യസ്തമാണ്. വേഗത്തിലുള്ള വ്യാവസായികവത്കരണം, നഗര തിരക്ക്, കാലാവസ്ഥാ രീതികൾ എന്നിവ മൂലം ചില രാജ്യങ്ങൾ ഇപ്പോഴും ഉയർന്ന തോതിലുള്ള കണികമാലിന്യങ്ങളെ നേരിടുന്നു. തെക്കൻ ഏഷ്യയും കിഴക്കൻ ഏഷ്യയും ലോകത്തിലെ ഏറ്റവും ഉയർന്ന വായുമലിനീകരണ സാന്ദ്രത രേഖപ്പെടുത്തിയ മേഖലകളാണ്. വാഹന മലിനീകരണം, വ്യാവസായിക ഉൽപാദനം എന്നിവയാണ് ഇതിന് പ്രധാന കാരണം. അതേസമയം, സിംഗപ്പൂർ, ഒമാൻ, ജപ്പാൻ പോലെ ശക്തമായ പരിസ്ഥിതി മേൽനോട്ടം, തീരപ്രദേശങ്ങളിലെ വായുസഞ്ചാരം, വായു പുറന്തള്ളലിന് ശക്തമായ നിയന്ത്രണ നയങ്ങൾ എന്നിവയുള്ള രാജ്യങ്ങൾ ഏറ്റവും ശുദ്ധമായ വായുവുള്ള രാജ്യങ്ങളായി പട്ടികയിൽ മുന്നിലെത്തി.
2025 ആദ്യ പകുതിയിലെ നംബിയോ ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവിത ഗുണനിലവാര സൂചികയിൽ ഏഷ്യ-മിഡിൽ ഈസ്റ്റ് മേഖലയിൽ ഒമാൻ ഒന്നാതെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ റീജനൽ ഇൻഡക്സിൽ 215.1 സ്കോറുമായാണ് ഒമാൻ പട്ടികയിൽ മുന്നിലെത്തിയത്. 189.4 പോയന്റുമായി ഖത്തറാണ് പട്ടികയിൽ രണ്ടാമത്. യു.എ.ഇക്ക് 174.2 പോയന്റും സൗദി അറേബ്യക്ക് 173.7 പോയന്റുമാണുള്ളത്.
ലോകത്തിലെ വിവിധ നഗരങ്ങളിലെയും രാജ്യങ്ങളിലെയും ജീവിതനിലവാരം അളക്കുന്നതിനായി ഉപയോക്താക്കളുടെ പങ്കാളിത്ത തോതിനെ മാനദണ്ഡമാക്കി വിലയിരുത്തുന്ന ഏറ്റവും വലിയ ആഗോള ഡാറ്റാബേസാണ് നംബിയോ ഇൻഡക്സ്.
സുരക്ഷ, സുരക്ഷിതത്വം, വരുമാനവും ജീവിതച്ചെലവും തമ്മിലെ അനുപാതം, ആരോഗ്യസേവനങ്ങളുടെ നിലവാരം, പരിസ്ഥിതി-അന്തരീക്ഷ നിലവാരം, ഗതാഗത നിലവാരം, അടിസ്ഥാനസൗകര്യത്തിന്റെ വ്യാപ്തി, മലിനീകരണതോത് എന്നിവ ഉൾപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂല്യനിർണയം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.