എന്റെ ജീവിതത്തിലെ ആദ്യത്തെ നോമ്പ് അനുഭവം സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോഴായിരുന്നു. അന്നപാനീയമില്ലാത്ത എന്റെ ഒരു പകൽ, അതുവരെ എനിക്ക് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. തുടർന്നുള്ള നോമ്പുകളും എടുത്തതോടെ എന്റെ ജീവിതത്തിൽ തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ച ഓർമ തന്നെയായി മാറുകയായിരുന്നു.
ആദ്യ ദിവസത്തെ നോമ്പിനായി അതിരാവിലെ മൂന്ന് മണിക്ക് അത്താഴത്തിനായി എഴുന്നേറ്റു. ആ നേരത്ത് അങ്ങനെ ഒരു ഭക്ഷണം പതിവില്ലാത്തത് കൊണ്ട് വളരെ കുറച്ചേ കഴിച്ചുള്ളൂ. ലഘുവാണെങ്കിലും ഈ അത്താഴ ഭക്ഷണം കഴിച്ചതോടെയാണ് നോമ്പ് ഞാൻ എടുക്കുകയാണെന്ന ദൃഢബോധ്യം മനസ്സിൽ ബോധ്യപ്പെട്ടത്. അങ്ങനെ ജീവിതത്തിൽ നോമ്പുകാരിയായിട്ടുള്ള എന്റെ ദിവസം തുടങ്ങി. പകൽ മുഴുവൻ അന്നപാനീയങ്ങളൊന്നുമില്ലാതെ ഇസ്ലാം വിശ്വാസികളെല്ലാം നോമ്പ് എടുക്കുന്നത് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
പ്രാർഥന നിർഭരമായ മനസ്സുമായി മണിക്കൂറുകൾ മുന്നോട്ട് പോയി. ഇടക്ക് ചെറിയ വിശപ്പ് തോന്നിത്തുടങ്ങി.പതിവില്ലാത്തത് കൊണ്ടാവാം കുറച്ചുനേരം ചെറിയ തലവേദനയും വന്നു. വേറെ എന്തെങ്കിലും അസ്വസ്ഥതകളുണ്ടാവുമോ എന്നൊക്കെ ഞാൻ പ്രതീക്ഷിച്ചു. എന്നാലാദ്യം തോന്നിയ ചെറിയ വിശപ്പ് പോലും അനുഭൂതിയായി മാറി. വിശപ്പും ദാഹവും പ്രാർഥനയായി വഴിമാറുന്നത് പിന്നീട് വന്ന ഓരോ നോമ്പിലും ഞാൻ ആസ്വദിക്കുകയായിരുന്നു. നോമ്പ് പിടിക്കുന്നത് പോലെ തന്നെ നോമ്പെന്ന പ്രാർഥനയുടെ പരിസാമാപ്തിയായ നോമ്പ് തുറക്ക് എല്ലാവരും കാണിക്കുന്ന ശ്രദ്ധയും,ഉത്സാഹവുമെല്ലാം ആദ്യ നോമ്പുകാരിയായ എനിക്ക് വളരെ കൗതുകവും,സന്തോഷവും തരുന്നതായിരുന്നു.
നിസ്സംശയം പറയട്ടെ, സഹനത്തിന്റെ പാഠശാലയാണ് നോമ്പ്. ദൈവിക വിശ്വാസത്തിലെ എന്റെ അന്വേഷണങ്ങൾക്ക് ലഭിക്കുന്ന മറുപടികൾ ഇസ്ലാം വിശ്വാസങ്ങളെ കുറിച്ച് കൂടുതലറിയാനുള്ള എന്റെ ആഗ്രഹങ്ങൾക്ക് ശമനം നൽകുന്നതായിരുന്നു.
പ്രതിമകളും,ദിവ്യ രൂപങ്ങളുമില്ലാതെ എല്ലാ മനുഷ്യർക്കും ദൈവത്തോട് നേരിട്ട് പ്രാർഥിക്കാൻ കഴിയുമെന്നത് ഞാനറിയാതെ തന്നെ എന്നെ ഇസ്ലാം വിശ്വാസത്തോട് കൂടുതൽ അടുപ്പിക്കുകയായിരുന്നു. എന്റെ മനസ്സ് തേടിക്കൊണ്ടിരുന്ന സത്യം ഞാൻ കണ്ടെത്തുകയാണെന്ന് അപ്പോഴാണെനിക്ക് മനസിലായത്. മുഹമ്മദ് നബിയെക്കാൾ കൂടുതൽ ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട പ്രവാചകനാണ് യേശു (ഈസ)
അതു പോലെ ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏക വനിതയാണ് മേരി (മറിയം). എല്ലാ വെളിച്ചവും ഒരു ഉറവിടത്തിൽനിന്ന് തന്നെയെന്നും വിളക്കുമാടങ്ങൾ മാത്രം മാറുന്നുള്ളൂവെന്നും തോന്നി. യേശുവിന്റെ സുവിശേഷം തന്നെയാണ് മോസസിന്റെയും, മുഹമ്മദിന്റെയും എന്നാണ് എനിക്ക് മനസ്സിലായത്. മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതാണ് വേദഗ്രന്ഥങ്ങൾ. അതിലെ ഒടുവിൽ വന്ന ഖുർആനിലെ വചനങ്ങളിലാണ് നോമ്പ് എടുക്കാനുള്ള സൃഷ്ടാവിന്റെ കൽപനയുള്ളത്. നോമ്പിന്റെ ലക്ഷ്യമായി പറഞ്ഞതാകട്ടെ ‘ല അല്ലക്കും തത്തഖൂൻ’ ജീവിത വിശുദ്ധി കൈവരിക്കുവാൻ വേണ്ടി എന്നാണ് അതിനർഥം.
ഖുർആൻ അവതരിപ്പിച്ചതിന് ദൈവത്തോടുള്ള നന്ദിയും ജീവിത സംസ്ക്രണമാണ് നോമ്പ് ലക്ഷ്യമാക്കുന്നത്. ജീവിതം സംസ്കരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് റമദാനിലെ എല്ലാ സൽകർമങ്ങൾക്കും ഇരട്ടിയിരട്ടി പ്രതിഫലം നൽകുമെന്നും, നോമ്പ് എനിക്കുള്ളതാണ് ഞാനാണ് അതിനു പ്രതിഫലം നൽകുമെന്ന അവസരം പ്രയോജനപ്പെടുത്താം. സൃഷ്ടി കർത്താവ്, സൃഷ്ടികളോട് കാണിക്കുന്ന കാരുണ്യം ബന്ധപ്പെട്ടു നിൽക്കുന്നത്, സൃഷ്ടികൾ പരസ്പരം കാണിക്കേണ്ട സ്നേഹവായ്പിന്റെ, ദാനധർമങ്ങളുമായിട്ടെല്ലാം ബന്ധപ്പെടുത്തി കൊണ്ടാണ്. അതാണ് നോമ്പു തുറയിലും സക്കാത് സദഖയിലും എല്ലാം കാണുന്നത്. അത് കൊണ്ടാവാം അമ്പിളിച്ചേലോടെയെത്തുന്ന റമദാൻ എല്ലാവരിലും സുഗന്ധം നിറക്കുന്ന അംബർ പോലെയാവുന്നത്.
-വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലേക്ക് അയക്കുകയോ ചെയ്യാം. തെരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലൂടെ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.