മസ്കത്ത്: തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ സുഖകരമായ കാലാവസ്ഥക്കുശേഷം രാജ്യം പതിയെ ചൂടിലേക്ക് നീങ്ങുന്നു. മേയ് മാസത്തിന്റെ ആരംഭത്തിൽതന്നെ വിവിധ ഗവർണറേറ്റുകളിൽ താപനില ഉയർന്നുതുടങ്ങിയിട്ടുണ്ട്. സൈഖ് ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവസത്തെ താപനില 37 -42 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ്. മസ്കത്ത് -39, സുഹാർ -37, സൂർ -39, ഇബ്ര -40, റുസ്താഖ് 39, ഹൈമ -42, ദുകം -38, ഖസബ് -37, ബുറൈമി -39, ഇബ്രി 40, നിസ്വ, തുംറൈത്ത് -42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട താപനില.
വരുംദിവസങ്ങളിൽ മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ ആകാശമായിരിക്കും. കാറ്റ് വീശുന്നതിനാൽ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ട്. അറബിക്കടലിൽ അനുഭവപ്പെടുന്ന ന്യൂനമർദം കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി മഴ ലഭിക്കാറുണ്ടെങ്കിലും ചൂടും വർധിക്കുകയാണ്. അതോടൊപ്പം തണുപ്പിന്റെ ശക്തി കുറഞ്ഞുവരുകയും ചെയ്യുന്നു.
സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. ഈ മാസങ്ങളിൽ ഉഷ്ണം 50 ഡിഗ്രി സെൽഷ്യസിനടുത്തെത്താറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം മേയ് പകുതിയോടെ തന്നെ ചൂടിന്റെ കാഠിന്യം വർധിച്ചിരുന്നു. ഈ വർഷവും സമാനമായ അവസ്ഥയിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കൊടും ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചസമയ വിശ്രമം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് വേനലവധിയും നൽകാറുണ്ട്.
ഈ വർഷം ആദ്യ പാദത്തിന്റെ ഓരാ മാസവും ചൂട് ശരാശരിയിൽ കൂടുതലാണ്. പുറത്ത് ജോലിയെടുക്കുന്നവരാണ് താപനിലയുടെ പ്രയാസങ്ങള്‍ നേരിട്ട് അനുഭവിക്കുന്നത്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. നിര്‍ജലീകരണം തടയാനും തളര്‍ച്ച അനുഭവപ്പെടാതിരിക്കാനും അവശ്യമായ വെള്ളം കുടിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.