മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-വടക്ക് ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമികളിലേക്കും മഴ വ്യാപിച്ചേക്കും.
വിവിധ ഇടങ്ങളിൽ 10മുതീൽ 35 മില്ലീമീറ്റർ വരെ ലഭിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27മുതൽ 83 കിലോമീറ്റർ ആയിരിക്കും കാറ്റിന്‍റെ വേഗത. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പൊതുസുരക്ഷ മുൻനിർത്തി കുട്ടികൾ വാദികളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേ സമയം, ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. ഇബ്രി, നിസ്വ, അൽ അഷ്കറ, ജഅലാൻ ബാനി ബൂ അലി എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രിയോടെ തന്നെ വിവിധ ഇടങ്ങളിൽ മഴ പെയ്തു തുടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കരുത്താർജിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.