വാദിയിൽ അകപ്പെട്ട്​ മരിച്ചയാളെ കണ്ടെത്താനായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ

കനത്ത മ​ഴ; ഒമാനിൽ ഒരുമരണം

മസ്കത്ത്​: കനത്ത മ​ഴയെ തുടർന്ന്​ ഒമാനിൽ ഒരാൾ മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ എത്തി മൃതദേഹം കണ്ടെടുക്കുന്നത്​.

വാദികളിൽ വാഹനത്തിൽ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ്​ വ്യാഴാഴ്ച സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി രക്ഷിച്ചത്​.

​അതേസമയം, രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുകയാണ്​. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ്​ മഴ കോരിച്ചൊരിയുന്ന​ത്​. അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട്​ ചെയ്തിട്ടില്ല. ആലിപ്പഴ വർഷവും ഉണ്ടായി. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ നിർദേശിച്ചു.

തെക്കൻ അമീറാത്ത്​, സുഹാർ, യങ്കല്‍, റുസ്താഖ്, ഖാബൂറ, മഹ്ദ, സുഹാര്‍, ലിവ, നിസ്‌വ, നഖല്‍, വാദി അല്‍ ജിസി, ബുറൈമി, ഇബ്രി, ദങ്ക്, സുവൈഖ്, ഖസബ്, ദിമ, ഹംറ, സമാഇല്‍, ശിനാസ്, ബഹ്‌ല, ഇബ്ര, തെക്കൻ സമാഈൽ തുടങ്ങിയ സ്ഥലങ്ങളിലാണ്​ കഴിഞ്ഞ ദിവസങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്​. ബുധനാഴ്ച രാത്രി​യോടെ തന്നെ വിവിധ ഇടങ്ങളിൽ മഴ തുടങ്ങിയിരുന്നു. ഇത്​ വ്യാഴാഴ്ചയും തുടരുകയായിരുന്നു. തലസ്ഥാന നഗരിയായ മസ്കത്തടക്കം മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക്​ ശേഷം ചെറുതായി തുടങ്ങിയ മഴ രാത്രി​യോടെ കരുത്താർജിച്ചു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു.

ന്യൂനമർദത്തിന്‍റെ ഭാഗമായി ഒക്​ടോബർ 28 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴയും കാറ്റും തുടുമെന്നാണ്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.​ മുസന്ദം, തെക്ക്​-വടക്ക്​ ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്​, ദാഖിലിയ, വടക്ക്​-തെക്ക്​ ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷത്തോടെ കനത്ത മഴയും ലഭിച്ചേക്കുമെന്ന്​ മുന്നറിയിപ്പിൽ പറയുന്നു. ഒമാൻ കടൽ തീരം വരെ നീളുന്ന ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 83 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അഭ്യർഥിച്ചു.

Tags:    
News Summary - Heavy rain; One death in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.