നിറഞ്ഞൊഴുകുന്ന വാദികളിലൊന്ന്
മസ്കത്ത്: കത്തുന്ന ചൂടിനാശ്വാസമായി വടക്കൻ ശർഖിയ ഗവർണറേറ്റിൽ ശക്തമായ മഴ ലഭിച്ചു. ദിമ-വതാഈൻ, മുദൈബി, എന്നിവടങ്ങളിൽ വാദികൾ കവിഞ്ഞൊഴുകി.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയണ് മഴ കോരിച്ചൊരിഞ്ഞത്. നഖ്സി, മഹ്ല, ദിമ തുടങ്ങിയ പ്രദേശങ്ങളിൽ കനത്തതും നേരിയതുമായ മഴ ലഭിച്ചു. നഖ്സി, ഹാം, അൽറയ്ഹാനി, ഖഅബത്ത് പർവതത്തിന് ചുറ്റുമുള്ള വാദികളും കവിഞ്ഞൊഴുകി.
അതേസമയം മുദൈബിയിലുണ്ടായ ശക്തമായ കാറ്റ് അൽ റൗദ, അൽ വാരിയ, അൽ മിസ്ഫ, ബാദ് എന്നീ ഗ്രാമങ്ങളിലേക്കും സമദ് അൽ ഷാനിലെ നിയാബത്തിലെ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.
വടക്കൻ ശർഖിയയിൽനിന്നുള്ള മഴക്കാഴ്ച
വരുംദിവസങ്ങളിൽ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകളിലും മഴ കൂടുതലായി ലഭിക്കാൻ സാധ്യതയുണ്ട്.
ഖരീഫിനോടനുബന്ധിച്ചുള്ള ചാറ്റൽമഴയാണ് ദോഫാറിൽ അധികവും അനുഭവപ്പെടുന്നത്. ഖരീഫ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്നതോടെ സലാലയിൽ നല്ല മഴയായിരിക്കും. കൊടുംചൂടിന് ആശ്വാസമായി മഴയെത്തിയത് മലയാളികളടക്കമുള്ള പ്രവാസികൾക്കും സ്വദേശികൾക്കും അനുഗ്രഹമായി. അതിനിടെ മഴക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു.
മസ്കത്തിൽ താപനിലയിൽ കുറവുണ്ടെങ്കിലും മഴ കനിഞ്ഞിട്ടില്ല. സമീപപ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ മസ്കത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴ കാര്യമായി ലഭിക്കാത്തത് കർഷകരെയാണ് ഏറെയും പ്രതികൂലമായി ബാധിച്ചത്. എന്നാൽ ചില ഗവർണറേറ്റുകളിൽ അടുത്തിടെ മഴ ധാരാളമായി ലഭിച്ചതും കർഷകരുൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.