പ്രവാസികളുടെ ആരോഗ്യം
പ്രതീക്ഷകളുടെ കടൽദൂരം താണ്ടിയാണ് ഓരോ പ്രവാസിയും അക്കരയെത്തുന്നത്. അവന്റെ ജീവിതം പകുതിയിൽ പൊലിയുമ്പോൾ ഇക്കരെ ഓരോ വീടുകളും മരുഭൂമികളാകും. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാരം പേറിയുള്ള യാത്രയാണ് പ്രവാസം. പ്രവാസ ജീവിതം പൊലിയുമ്പോൾ മാഞ്ഞു പോകുന്നത് പ്രവാസിയുടെ മാത്രം കിനാക്കളല്ല, കുടുംബത്തിന്റെയും നാടിന്റെയും ഒക്കെ പ്രതീക്ഷകളും കൂടിയാണ്.
പെട്ടി കെട്ടുന്നതിന്റെയും പെട്ടി പൊട്ടിക്കുന്നതിന്റെയും ഇടയിലെ ജീവിതമാണ് പ്രവാസം. ഈയടുത്ത ദിവസങ്ങൾക്കിടയിൽ ഏറെ സങ്കടപ്പെടുത്തിയ ഒട്ടനവധി വിയോഗങ്ങൾക്കാണ് ഒമാനിലെ പ്രവാസി സമൂഹം സാക്ഷ്യം വഹിച്ചത്. ഇതിൽ ഭൂരിഭാഗം പേരും മരണമടഞ്ഞത് ഹൃദയസ്‌തഭനം മൂലമാണ്. ഇതിൽ തന്നെ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രവാസികൾക്ക് ഇത്തരം അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടായപ്പോൾ ചുറ്റുവട്ടത്തുള്ളവർ അറിഞ്ഞ് വരാൻ ഏറെ സമയമെടുത്തു എന്നുള്ളത് ഏറെ ദുഃഖകരമായിരുന്നു.
പ്രവാസികളിൽ പലരും ജോലി സാഹചര്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സ്വകാര്യത തുടങ്ങിയ കാരണങ്ങളാൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കുന്നതിനുള്ള താമസം ചിലപ്പോൾ അപകടകരമായേക്കാം.
അടിയന്തരസാഹചര്യങ്ങളിൽ ഉടൻ വിളിക്കാൻ കഴിയുന്ന വിധത്തിൽ ഫോൺ ബാലൻസോടെ സൂക്ഷിക്കലും തൊട്ടടുത്ത് താമസിക്കുന്നവരുടെ നമ്പറുകൾ പരസ്പരം കൈമാറലും തൊട്ടരികത്തുള്ള റൂമുമായി കണക്ട് ചെയ്യുന്ന ഇലക്ട്രിക് അലാം ഏർപ്പെടുത്തലും വഴി പ്രാഥമിക ലക്ഷണങ്ങൾ ബോധ്യപ്പെട്ടാൽ തന്നെ അടിയന്തിര ചികിത്സ രോഗിക്ക് ലഭ്യമാക്കാൻ സഹായിക്കും.
പ്രവാസജീവിതം ജോലി ചെയ്യാനും കുടുംബത്തെ പോറ്റാനും വേണ്ടി നാം തെരഞ്ഞെടുക്കുന്ന ജീവിതമാണ്. എന്നാൽ ജോലിയും സാമ്പത്തിക ഉത്തരവാദിത്വങ്ങളും മാത്രം മതിയാകില്ല. നമ്മുടെ സുരക്ഷയും ആരോഗ്യവും മാനസിക ക്ഷേമവും അത്രതന്നെ പ്രധാനമാണ്. നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ അടിയന്തര വൈദ്യസഹായം തേടുകയും ആരോഗ്യപരിശോധനകൾ ആവശ്യാനുസരണം നടത്തുകയും ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.
നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ അടിയന്തര വൈദ്യസഹായം തേടുക. ആരോഗ്യപരിശോധനകൾ ആവശ്യാനുസരണം നടത്തുകയും ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുകയും ചെയ്യുക.
ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവുമാണ് പ്രവാസികളില്‍ ഹൃദയാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. ജോലിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
മോശം ഭക്ഷണരീതിയില്‍ നിന്ന് ഉടലെടുക്കുന്ന അമിതവണ്ണം, കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദം, വ്യായാമം ഇല്ലാത്ത ജീവിതശൈലി, പുകവലി, അമിത മദ്യപാനം ഇവയാണ് ഹൃദയാരോഗ്യത്തിന്റെ പ്രധാന വില്ലന്‍മാര്‍. വ്യായാമത്തിന് വിനിയോഗിക്കേണ്ട സമയം കൂടി സോഷ്യല്‍ മീഡിയക്ക് മുന്നില്‍ പ്രവാസികളെ തളച്ചിടുന്നത് പുതിയ വെല്ലുവിളിയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദയാഘാതത്തിന് വഴിവെക്കും മുന്‍പേ ഭക്ഷണത്തിലും ജീവിതശൈലിയിലിലും മാറ്റം കൊണ്ടുവരികയാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദിവസവും വ്യായാമം ചെയ്യുന്നതും സമീകൃതാഹാരം ശീലിക്കുന്നതും ഹൃദയാഘാത സാധ്യത കുറയ്ക്കും. ഓർക്കുക, ഹൃദയാഘാതം സംഭവിക്കുമ്പോൾ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ലക്ഷണങ്ങൾ അവഗണിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം. നെഞ്ചിൽ അനുഭവപ്പെടുന്ന ചെറിയ അസ്വസ്ഥത പോലും ചിലപ്പോൾ വലിയൊരു അപകടത്തിന്റെ മുന്നറിയിപ്പാകാം. ആരോഗ്യകരമായ ഹൃദയം ആരോഗ്യകരമായ ജീവിതത്തിന്റെ ആധാരമാണ്. മുൻകരുതൽ എടുക്കുന്നതും ലക്ഷണങ്ങൾ തിരിച്ചറിയുന്നതും ജീവൻ രക്ഷിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.