ബോട്സ്വാനയുമായി കൈകോർത്തു ഒമാൻ ; ഇനി പുതിയ അധ്യായം

മസ്‌കത്ത്: ഒമാനും ബോട്സ്വാനയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സംയുക്ത നിക്ഷേപ പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യുന്ന പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബോട്സ്വാന പ്രസിഡന്റ് ദുമാ ബോക്കോ ഗാബോറോണിലെ പ്രസിഡൻഷ്യൽ ആസ്ഥാനത്ത് ഒരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു സുൽത്താൻ ഹൈതം. ബോട്സ്വാനയിലേക്കുള്ള തന്റെ ആദ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഒമാനും ബോട്സ്വാനയും തമ്മിൽ സമാധാനം, സ്ഥിരത, പരസ്പര ബഹുമാനം, വികസനം തുടങ്ങിയ കാര്യങ്ങളിൽ ഒരേ നിലപാടുകളുണ്ടെന്നും സുൽത്താൻ ഹൈതം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയുമായുള്ള സഹകരണവും വർധിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചതും ഈ സന്ദർശനത്തിനിടെ ഒപ്പുവെക്കുന്നതുമായ കരാറുകളും ധാരണാപത്രങ്ങളും ഭാവിയിലെ സഹകരണത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സാംസ്കാരിക മേഖലകളിലെ കൈമാറ്റവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ഹൈതം ചൂണ്ടിക്കാട്ടി.

 

സുൽത്താൻ ഹൈതത്തിന്റെ സന്ദർശനം ഒമാൻ–ബോട്സ്വാന ബന്ധം ശക്തമാക്കുന്നതിലെ പ്രധാന ഘട്ടമാണെന്ന് പ്രസിഡന്റ് ദുമാ ബോക്കോ പറഞ്ഞു. പുതിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Oman joins hands with Botswana; A new chapter begins now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.