ദോഫാറിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഹെൽത്ത് കൺട്രോൾ ടീമുകൾ പരിശോധന നടത്തുന്നു
മസ്കത്ത്: ഖരീഫ് സീസണിനോടനുബന്ധിച്ച് ആരോഗ്യ പരിശോധന ശക്തമാക്കി ടാസ്ക് ഫോഴ്സ്. വാണിജ്യ സ്ഥാപനങ്ങൾ, റസ്റ്റാറന്റുകൾ, മൊബൈൽ വെണ്ടർമാർ എന്നിവിടങ്ങളിലാണ് ദോഫാർ ഗവർണറേറ്റ് അധികൃതർ ആരോഗ്യ പരിശോധനയും നിയന്ത്രണ നടപടികളും ശക്തമാക്കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഏറ്റവും ഉയർന്ന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതിലൂടെ സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളായി തിരിച്ച് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഹെൽത്ത് കൺട്രോൾ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഖരീഫ് സീസണിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുള്ള ബന്ധപ്പെട്ട അധികാരികളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. താൽക്കാലിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ മുനിസിപ്പാലിറ്റി തീരുമാനമെടുത്തിട്ടുണ്ടെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ആരോഗ്യകാര്യ വകുപ്പ് ഡയറക്ടർ ഹമദ് ബിൻ മുഹമ്മദ് ബമൂസ സമൂഹ മാധ്യമമായ ‘എക്സിൽ’ കുറിച്ചു.
പ്രധാന അധികാരികളുമായി ഏകോപിപ്പിച്ച് ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾക്കായുള്ള മാർക്കറ്റുകളുടെ സംഘാടനവും സ്ഥാപനവും ഇതിലു ൾപ്പെടുന്നു. കൂടാതെ അനധികൃത പ്രവർത്തനങ്ങളില്ലാതാക്കുകയും ചെയ്യും.
ആരോഗ്യ നിയന്ത്രണ വകുപ്പിൽനിന്നുള്ള പരിശോധന സംഘങ്ങൾ വിവിധ വിലായത്തുകളിൽ ഷിഫ്റ്റുകളിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിനാൽ ആരോഗ്യച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സബ്കമ്മിറ്റി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സുരക്ഷാ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെയും സന്ദർശകരെയും ബോധവത്കരിക്കുന്നതിന് ദോഫാർ ഗവർണറേറ്റ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ദോഫാറിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ മഴ ലഭിച്ചേക്കും
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മുതൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ. ആദ്യം ഒറ്റപ്പെട്ട മഴയായിരിക്കും ലഭിക്കുക. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും ശക്തമാവുകയും വ്യാപകമാവുകയും ചെയ്യും. ഇക്കാലയളവിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ ഈർപ്പം വർധിപ്പിക്കുന്നതിനും ഭൂഗർഭജലം ലഭ്യമാക്കുന്നതിനും ചെടികളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും ഈ മഴ ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
സലാലയിൽ പ്രത്യേക ക്ലിനിക്കുകൾ
മസ്കത്ത്: ഖരീഫ് സീസണിലെത്തുന്നവർക്ക് പരിചരണം നൽകുന്നതിനായി സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ പ്രത്യേക ക്ലിനിക്കുകൾ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമല്ലാത്ത മെഡിക്കൽ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുക.
തിരക്കേറിയ ഖരീഫ് സീസണിൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രത്യേക ക്ലീനിക്കുകൾ ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 31വരെയായിരിക്കും ഇതിന്റെ പ്രവർത്തന കാലായളവ്. ആഴ്ചയിൽ എല്ലാ ദിവസവും സേവനം ലഭ്യമാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അടുത്ത ദിവസം രാവിലെ ഏഴുമണി വരെയായിരിക്കും ഇതിന്റെ പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.