ഒത്തൊരുമയുടെ മഹോത്സവം ‘ഹാർമോണിയസ്​ കേരള’ ഇന്ന്​ സലാലയിൽ

സലാല: വിശ്വമാനവികതയുടെയും ഒരുമയുടെയും സന്ദേശങ്ങൾ പകർന്ന്​ ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ കേരള’യുടെ നാലാം പതിപ്പ്​ വെള്ളിയാഴ്ച സലാലയിൽ നടക്കും.

സലാലയിലെ പ്രവാസികൾക്ക്​ കളിയും ചിരിയും ചിന്തയും പകർന്ന്​ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായ സംഗീത-കലാവിരുന്ന് അൽ മറൂജ്​ ആംഫി തിയറ്ററിലാണ്​ അ​രങ്ങേറുക. വൈകീട്ട്​ 6.30 മുതൽ പരിപാടികൾക്ക്​ തുടക്കമാകും. ഗേറ്റ്​ 5.30ന്​ തുറക്കും. ഇന്ത്യയും ഒമാനും സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്​.

ഈ ബന്ധത്തി​​ന്‍റെ വിളക്കിച്ചേർക്കൽ കൂടിയാകും ഹാർമോണിയസ്​ കേരള. ആഘോഷ രാവിന്​ നിറംപകർന്ന്​ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരാണ്​ വേദിയിലെത്തുന്നത്​.

സലാലയിലെ മലയാളികൾക്ക്​ എന്നും ഓർമയിൽ കാത്തുസൂക്ഷിക്കാനായി ഒരുപിടി നല്ല മുഹൂർത്തങ്ങൾ അടങ്ങിയ കലാവിരുന്നാണ്​ സംഘാടകർ ഒരുക്കിയിരിക്കുന്നത്​.

ഒമാൻ ചേംബർ ഓഫ്​ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ദോഫാർ ഗവർണറേറ്റ്​ ചെയർമാൻ നായിഫ്​ ഹമദ് ആമീർ ഫാദിൽ മുഖ്യാതിഥിയായി പ​​ങ്കെടുക്കും. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ സംബന്ധിക്കും. ഷാഹി, ലുലു ഹൈപർ മാർക്കറ്റ്​, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്​ ജ്വല്ലറി, ഹോട്ട്​പാക്ക്, ​ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​ എന്നിവരാണ്​ പരിപാടിയുടെ മുഖ്യപ്രായോജകർ.

Tags:    
News Summary - Harmonious Kerala today in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.