ഡയാന ഹമീദ് ‘ഹാർമോണിയസ് കേരള’ റോഡ് ഷോ അവതാരകയായി സലാലയിലെത്തിയപ്പോൾ
സലാല: സലാലയിലേക്കുള്ള ഡയാനയുടെ ആദ്യ എൻട്രിയാണല്ലോ എന്ന ചോദ്യവുമായാണ് സംസാരം തുടങ്ങിയത്. താൻ കേട്ടറിഞ്ഞ സലാലയെക്കാൾ കണ്ടറിഞ്ഞ സലാലയെ ഏറെ ഇഷ്ടമായെന്ന് ഡയാന പറഞ്ഞു.‘‘സലാലയിൽ മാത്രമല്ല; ഒമാനിലും ഞാൻ ആദ്യമായാണ് വരുന്നത്. സലാലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. നമ്മുടെ കേരളം പോലത്തെ നാടാണ് എന്ന്. ഇവിടെ വന്നുകഴിഞ്ഞപ്പോഴും എനിക്കതു ഫീൽ ചെയ്തു. സാധാരണ ഗൾഫ് നാടുകളിൽ വരുമ്പോൾ ഈന്തപ്പനകളാണ് എല്ലായിടത്തും കാണാനാവുക. പക്ഷേ ഇവിടെ ഒരുപാട് തെങ്ങുകളും വാഴത്തോട്ടങ്ങളും കണ്ടു. ഗൾഫിൽ മറ്റെവിടെയും ഞാൻ ഇതുപോലെ കണ്ടിട്ടില്ല.
കേരളത്തിന്റെ പ്രകൃതി ഭംഗിയോട് സാമ്യമുള്ള ഒരുപാട് കാഴ്ചകൾ കാണാനായി. ഇവിടത്തെ മനുഷ്യരും ദയവുള്ളവരാണ്. ചിരിച്ച മുഖത്തോടുകൂടി നമ്മളെ സ്വീകരിക്കുന്ന അവരുടെ പെരുമാറ്റം വളരെ സൗഹാർദപരമാണ്. ഇവിടെ മലയാളികളും അറബികളുമെല്ലാം അങ്ങനെയാണെന്ന് കേട്ടു. സലാല എന്റെ പ്രിയപ്പെട്ട നാടുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു. ഞാൻ വന്ന് വളരെ കുറച്ചുസമയത്തിനുള്ളിൽതന്നെ വളരെ പൊസിറ്റീവായ ഒരു വൈബ് എനിക്ക് ഈ നാട്ടിൽനിന്ന് കിട്ടി. സലാലയിലേക്ക് വീണ്ടുമൊരിക്കൽ വരണം. ഈ നാടിന്റെ സ്നേഹം അനുഭവിച്ചറിയണം...’’
‘ഹാർമോണിയസ് കേരള’യുടെ തീമിനെ കുറിച്ചും ഡയാന ഹമീദ് പ്രത്യേകം എടുത്തുപറഞ്ഞു. ‘‘ഗൾഫ് മാധ്യമവുമായി എനിക്ക് അടുത്ത ബന്ധമാണുള്ളത്. ‘ഹാർമോണിയസ് കേരള’ ഗൾഫ് മാധ്യമത്തിന്റെ പ്രസ്റ്റീജിയസ് പരിപാടിയാണെന്നറിയാം. ഈ ഷോകളെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഇതിനോടകം വിജയകരമായി നിരവധി ഷോകൾ നിങ്ങൾ നടത്തിക്കഴിഞ്ഞു. കുവൈത്തിൽ ഷോയുടെ ഭാഗമാവാൻ എനിക്കും അവസരമുണ്ടായി. അതൊരു ഭാഗ്യമായി കാണുന്നു. ഇത്തരം നിലവാരമുള്ള ഷോകളോട് സഹകരിക്കാൻ നമുക്കും സന്തോഷമേയുള്ളൂ. സത്യം പറഞ്ഞാൽ ഈ അവസരത്തിനായി കാത്തിരിക്കുകയാണ് എന്ന് പറയാം.
‘ഹാർമോണിയസ് കേരള’യുടെ തീം വളരെ പ്രധാനമാണ്. എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനുള്ള പരിശ്രമം എന്നത് ചെറിയ കാര്യമല്ല. അത് വലിയ ദൗത്യമാണ്. സമൂഹത്തിൽ ആളുകൾ ഭിന്നിപ്പില്ലാതെ കഴിയുന്നുണ്ടെങ്കിലേ നമുക്കും സമാധാനമായി ജീവിക്കാൻ കഴിയൂ. അത്തരം ലക്ഷ്യത്തിനായുള്ള പരിശ്രമത്തിൽ കലയെക്കൂടി ഉൾപ്പെടുത്തുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് എന്നെപ്പോലെയുള്ള പല ആർട്ടിസ്റ്റുകൾക്കും ഇതിന്റെ ഭാഗമാവാൻ കഴിയുന്നുണ്ട് എന്നത് വലിയ കാര്യം...’’
നാട്യമാണോ നടനമാണോ അവതരണമാണോ ഏറ്റവുമിഷ്ടമെന്ന ചോദ്യത്തിന് ഇവയെല്ലാം ചേർത്തുകൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. ‘‘ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും എനിക്ക് ഐഡന്റിറ്റി നേടിത്തന്നത് ടി.വി ഷോകളാണ്. പ്രത്യേകിച്ചും സ്റ്റാർ മാജികും വൺസ് അപ് ഓൺ എ ടൈമും.
അവതാരക എന്ന രീതിയിൽ എന്നെ മലയാളികൾക്കിടയിലേക്ക് ഇറക്കിവിട്ടത് രമേഷ് പിഷാരടിയുടെ വൺസ് അപ് ഓൺ എ ടൈം എന്ന സ്റ്റാൻഡ് അപ് കോമഡി പരിപാടിയാണ്. അത് എനിക്കുനൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പിന്നെ, എന്റെ കരിയറിൽ എപ്പോഴും മീഡിയയുടെ നല്ല സപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ഈ നിമിഷം ഞാൻ നിങ്ങളോട് സംസാരിക്കുമ്പോഴും അവതാരക എന്ന നിലയിൽ വർക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ ഗൾഫ് മാധ്യമം അടക്കമുള്ള മീഡിയ നൽകിയ പിന്തുണ വളരെ വലുതാണ്.
അജു വർഗീസിന്റെ കൂടെയുള്ള ആമോസ് അലക്സാണ്ടർ ആണ് അവസാനം റിലീസായ ചിത്രം. സൈജു കുറുപ്പിനോടൊപ്പമുള്ള ‘മധുരം ജീവാമൃത ബിന്ദു’ എന്ന ആന്തോളജി ചിത്രം ഒ.ടി.ടിയിലാണ് റിലീസായത്. ഷൂട്ടിങ് കഴിഞ്ഞ് നാലു വർഷത്തോളം കഴിഞ്ഞാണ് ആ ചിത്രം ഇറങ്ങിയത്. ബ്യൂട്ടിഫുൾ മൂവിയാണ്.‘തമസ്’ എന്ന ചിത്രത്തിൽ വർക്ക് ചെയ്തുവരികയാണ്. ഇതിനിടയിൽ ടി.വി ഷോകളും നന്നായി പോകുന്നു. അഭിനയം, അവതരണം എന്നിവയാണ് പാഷൻ. ചെറുതായിട്ട് നൃത്തം ചെയ്യും.
എന്നാൽ, പാട്ട് എനിക്കങ്ങോട്ട് അത്രക്ക് വഴങ്ങില്ല. പക്ഷേ, പാട്ടൊരുപാട് എനിക്ക് കേൾക്കാനിഷ്ടമാണ്. സംഗീതം നന്നായി ആസ്വദിക്കുന്നയാളാണ്.പാടാനുള്ള എന്റെ ആഗ്രഹം മൂളിപ്പാട്ടിലൊതുക്കാറാണ് പതിവെന്നും ഡയാന ഒരു ചെറുചിരിയോടെ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.