ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ
സെന്ററിൽ നടക്കുന്ന ഒമാൻ പെർഫ്യൂം ഷോയുടെ ഉദ്ഘാടനശേഷം ഡോ. ബസ്മ ഫഖ്രി ആൽ സഈദ് പ്രദർശനം
നോക്കിക്കാണുന്നു
മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ സംഘടിപ്പിക്കുന്ന ഒമാൻ പെർഫ്യൂം ഷോയുടെ ആറാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ഡോ. ബസ്മ ഫഖ്രി ആൽ സഈദ് മുഖ്യാതിഥിയായി. സ്വദേശി സംരംഭകരും വിദേശ നിർമാതാക്കളും ഉൾപ്പെടെ 200ലധികം പ്രദർശകർ പങ്കെടുക്കുന്ന മേള ജനുവരി 28വരെ തുടരും.
ഒമാനിലെ പെർഫ്യൂം വ്യവസായത്തിന്റെ വേഗത്തിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്ന പ്രദർശനം, ഉന്നത നിലവാരമുള്ള സുഗന്ധ ഉൽപന്നങ്ങളുടെ കേന്ദ്രമായി ഒമാനെ അടയാളപ്പെടുത്തുന്നു. ആഗോള തലത്തിൽ ബ്രാൻഡായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാൻ പെർഫ്യൂം ഷോ പുതിയ ലോഗോ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചു. കുന്തിരിക്കവും പ്രകൃതിദത്ത സുഗന്ധ വസ്തുക്കളുടെയും ഉൽപാദനത്തിൽ ഒമാന്റെ പൈതൃകത്തെ ആധാരമാക്കിയുള്ളതാണ് പുതിയ ലോഗോ.
പെർഫ്യൂം നിർമാണ കലയിലെ പുരാതന കേന്ദ്രമായി ഒമാനിന് ഉണ്ടായിരുന്ന ചരിത്രപരമായ സ്ഥാനവും ലോഗോ മുന്നോട്ടുവെക്കുന്നു. കുന്തിരിക്കം, ജബൽ അഖ്ദറിശല പനിനീർ പൂവുകൾ എന്നിവയുടെ വ്യാപാരത്തിലും പുരാതന സുഗന്ധ വ്യാപാരങ്ങളിലും ഒമാന്റെ പങ്ക് പുതിയ ദൃശ്യ രൂപകൽപന ആഘോഷിക്കുന്നു.
പ്രത്യേക അവതരണങ്ങളും വിശിഷ്ട സുഗന്ധങ്ങളും പരിചയപ്പെടാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന മേളയിൽ സംഗീത പരിപാടികൾ, പെർഫ്യൂം നിർമാതാക്കളുമായി സംവദിക്കാനുള്ള സെഷനുകൾ, കോഫി കോർണറുകൾ തുടങ്ങിയ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.