മസ്കത്തിൽ വാർത്തസമ്മേളനത്തിൽ ഒമാൻ ഹജ്ജ് മിഷൻ മേധാവി അഹമ്മദ് സലിം അൽ റഷ്ദി സംസാരിക്കുന്നു

ഹജ്ജ്: ഒമാനിൽനിന്ന് 14,000 തീർഥാടകർ

മസ്കത്ത്: 1447 ആമത് ഹജ്ജ് സീസണിൽ ഒമാനിൽ നിന്ന് 14,000 തീർഥാടകർക്ക് അവസരം ലഭിച്ചതായി ഒമാൻ ഹജ്ജ് മിഷൻ മേധാവി അഹമ്മദ് സലിം അൽ റഷ്ദി മസ്കത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ വിമാന ടിക്കറ്റ് നിരക്കിൽ 40 റിയാലിന്റെ കുറവ് വരുത്തി. തീർഥാടകർക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചും യാത്രാ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പുതിയ ഹജ്ജ് സീസണിലേക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. 42,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് 14,000 തീർഥാടകരെ തെരഞ്ഞെടുത്തത്. ഇതിൽ 13,560 ഒമാനികളും 440 പ്രവാസികളും ഉൾപ്പെടും. ഒമാൻ എയർ, സലാം എയർ എന്നിവയുമായി സഹകരിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 40 റിയാൽ കുറവ് വരുത്തിയിട്ടുണ്ട്. ആദ്യ ഹജ്ജ് വിമാനം മെയ് 23-ന് പുറപ്പെടും. ഈ വർഷം മസ്‌കത്തിന് പുറമെ സുഹാർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ സൗദിയിലെ തായിഫ് വിമാനത്താവളത്തെയും സർവീസുകൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്കൊപ്പം 17 ഒമാനി ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം ഉണ്ടാകും. ഓരോ ഹജ്ജ് കമ്പനിക്കും അവരുടെ ഡോക്ടറെ കൂടെക്കൂട്ടാനും ഇത്തവണ അനുമതി നൽകിയിട്ടുണ്ട്.

അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മികച്ച ഗുണനിലവാരത്തിലും സുതാര്യതയോടെയും എല്ലാ സേവനങ്ങളും നൽകും. തീർത്ഥാടകർക്കാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെ രജിസ്ട്രേഷൻ, തെരഞ്ഞെടുപ്പ്, സേവന കരാറുകൾ എന്നിവക്കായി സജ്ജീകരിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഹജ്ജ് മാനേജ്‌മെന്റ് സംവിധാനം വഖഫ് മന്ത്രാലയം കൂടുതൽ മെച്ചപ്പെടുത്തി. തീർഥാടകർക്കായുള്ള ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സേവനത്തിനുള്ള പുരസ്കാരം ഈ സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്. ഈ സംവിധാനം കഴിഞ്ഞ ഹജ്ജ് സീസണിൽ 99 ശതമാനവും തൃപ്തികരമായിരുന്നു. കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തീർഥാടകർക്ക് തുല്യമായ അവസരവും സുതാര്യതയും ഉറപ്പാക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള യാത്രാ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.

കരമാർഗം യാത്ര ചെയ്യുന്ന തീർഥാടകരുടെ എണ്ണം കഴിഞ്ഞ സീസണിലെ 5,122-ൽ നിന്ന് ഇത്തവണ 3,034 ആയി കുറഞ്ഞു. ഒമാനിൽ നിന്നുള്ള ഹജ്ജ് ബസുകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഡിജിറ്റൽ സ്മാർട്ട് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തിയതും ഈ വർഷത്തെ പ്രത്യേകതയാണ്. കരമാർഗമുള്ള തീർഥാടകർക്കായി അതിർത്തികളിൽ ബസുകളുടെ തത്സമയ നീക്കം ഇതുവഴി നിരീക്ഷിക്കും. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സ്മാർട്ട് മെക്കാനിസം ഉപയോഗപ്പെടും.

കൂടാതെ, അർഹരായ ഗുണഭോക്താക്കൾക്കായി 'ഔഖാഫ് ബൈത് അൽ റബാത്ത്' സംരംഭം വഴി 200,000 റിയാലിലധികം സമാഹരിച്ചു. ഒമാനി ഹജ്ജ് മിഷന്റെ ആസ്ഥാനം വിശുദ്ധ സ്ഥലങ്ങൾക്ക് അടുത്തുള്ള അൽ നസീം മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. തീർഥാടകർക്ക് താമസസ്ഥലങ്ങളിൽ മികച്ച വെന്റിലേഷൻ, ലൈറ്റിംഗ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മികച്ച ലോജിസ്റ്റിക്കൽ സേവനങ്ങളും കുറഞ്ഞ ഗതാഗതക്കുരുക്കും ഉള്ള ഈ പ്രദേശം തീർത്ഥാടകർക്ക് സേവനങ്ങൾ വേഗത്തിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകർ സൗദി അറേബ്യയുടെയും ഒമാന്റെയും ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നുസുക് കാർഡ് കൈവശം വെക്കണമെന്നും ഹജ്ജ് മിഷൻ മേധാവി അറിയിച്ചു.

Tags:    
News Summary - Hajj: 14,000 pilgrims from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.