ഒമാനിലെ ഹബ്ത ചന്തകളിലൊന്ന്

പെരുന്നാൾ പൈതൃകം തൊട്ടറിഞ്ഞ് ‘ഹബ്ത’ ചന്തകൾ; പൈതൃകത്തിന്റെ തനിമ ചോരാതെ പാരമ്പര്യം നിലനിർത്താൻ വലിയൊരു ജനാവലി ഹബ്തകളിലേക്ക് ഒഴുകിയെത്തുന്നു

മസ്കത്ത്: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അടുത്തതോടെ ഒമാനിലെ വിവിധ വിലായത്തുകളിൽ പരമ്പരാഗത ‘ഹബ്ത’ ചന്തകൾ സജീവമായി. ഒമാന്റെ സാമൂഹിക പൈതൃകം വിളിച്ചോതുന്ന ഈ താൽക്കാലിക വിപണികൾ, പെരുന്നാൾ ആരവങ്ങളിലേക്ക് സുൽത്താനേറ്റിലെ ജനങ്ങളെ ആകർഷിക്കുകയാണ്. എല്ലാ വർഷവും പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ‘ഹബ്ത’ ചന്തകൾ നടക്കുന്നത്. ഇത്തവണ ഒമാനിലടക്കം എല്ലാ ഗൾഫ് നാടുകളിലും മെയ് 27നാണ് ബലി പെരുന്നാൾ.

ബലിമൃഗങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഊദ്, മിഠായികൾ, കളിപ്പാട്ടങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി പെരുന്നാളിന് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ആധുനിക ഷോപ്പിങ് മാളുകളും ഓൺലൈൻ വിപണികളും സജീവമായ ഈ കാലത്തും, പൈതൃകത്തിന്റെ തനിമ ചോരാതെ ഈ പാരമ്പര്യം നിലനിർത്താൻ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം ഹബ്തകളിലേക്ക് ഒഴുകിയെത്തുന്നു.

തലമുറകളെ ബന്ധിപ്പിക്കുന്ന സാമൂഹിക ഒത്തുചേരലിന്റെ വേദികൂടിയാണ് ഹബ്ത ചന്തകൾ. നിസ്‌വ, സൂർ, ഇബ്ര, അൽ റുസ്താഖ്, ബഹ്‌ല, ഇബ്രി തുടങ്ങിയ വിലായത്തുകളിൽ ‘ഹബ്ത’ വെറുമൊരു കച്ചവട കേന്ദ്രം മാത്രമല്ല, മറിച്ച് ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന വലിയ സാമൂഹിക ഒത്തുചേരൽ കൂടിയാണ്.

കുട്ടികളെ ഒമാനി മൂല്യങ്ങളും ആചാരങ്ങളും പഠിപ്പിക്കുന്നതിനായി രക്ഷിതാക്കൾ അവരെയും കൂട്ടിയാണ് ഇത്തരം വിപണികളിൽ എത്തുന്നത്. കുട്ടിക്കാലത്ത് തങ്ങളുടെ പിതാവിനൊപ്പം ഹബ്തയിൽ വന്നിരുന്ന അനുഭവങ്ങൾ പുതു തലമുറക്ക് പകർന്നുനൽകാൻ പിതാക്കന്മാർ ശ്രദ്ധ ചെലുത്തുന്നു.

ആധുനിക ഷോപ്പിങ് രീതികളേക്കാൾ ഹബ്ത നൽകുന്ന അനുഭൂതി വലുതാണെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു.

ആളുകളുടെ തിരക്കും, കുന്തിരിക്കത്തിന്റെ സുഗന്ധവും, കളിപ്പാട്ടങ്ങളും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ കുട്ടികൾ പെരുന്നാളിന്റെ യഥാർഥ സന്തോഷം അനുഭവിക്കുന്നുവെന്ന് അവർ പറഞ്ഞു. കളിപ്പാട്ടങ്ങളും മിഠായികളും കന്നുകാലികളുടെ കാഴ്ചകളും ആസ്വദിക്കാൻ കുട്ടികളും ഏറെ ആകാംക്ഷയോടെയാണ് ഈ വിപണിയെ കാത്തിരിക്കുന്നത്.

ബലിമൃഗ ചന്തകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹബ്തകളിലെ ഏറ്റവും പ്രധാന ആകർഷണം ബലിമൃഗങ്ങൾ വിൽക്കുന്ന കന്നുകാലി ചന്തകളാണ്. സ്വദേശികൾ കന്നുകാലിളെ വാങ്ങാൻ കൂട്ടത്തോടെ എത്തുന്നതോടെ സാമ്പത്തിക ക്രയവിക്രയങ്ങളും സജീവമാകുന്നു. ഇത് പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുന്നു. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും തദ്ദേശീയരായ കരകൗശലപണിക്കാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള മികച്ച അവസരമൊരുക്കുന്നു.

മാറുന്ന ജീവിതശൈലികൾക്കിടയിലും, ഒമാന്റെ ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു ശക്തമായ പാലമായി ‘ഹബ്ത’ വിപണികൾ ഇന്നും നിലകൊള്ളുന്നു. ഒമാൻ ജനത അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്ന ഈ പാരമ്പര്യം പെരുന്നാളിന്റെ സന്തോഷത്തിന്റെയും സാംസ്കാരിക തനിമയുടെയും പ്രതീകം കൂടിയാണ്.

Tags:    
News Summary - 'Habta' markets, touching on the heritage of the festival; A large crowd flocks to the Habtas to maintain the tradition without losing the uniqueness of the heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.