മസ്‌കത്ത്: പത്തു വർഷത്തിലധികം നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ ഒമാനിൽ കൊക്കോ കൃഷി വിജയകരമായി വിളവെടുത്തു. റോയൽ കോർട്ട് അഫയേഴ്‌സിന് കീഴിലുള്ള ഖൈറൂൻ ഹൈരിതി ഫാമിലാണ് ഒമാന്റെ കാർഷിക ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ഈ നേട്ടം കൈവരിച്ചത്.
കേരളത്തിന്റെ മലയോര മേഖലകളിലടക്കം വാണജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൊക്കോ ചെടികൾ കൃത്യമായ പരിചരണവും പ്രത്യേക കാലാവസ്ഥയും ആവശ്യമുള്ള ഒരു ഉഷ്ണമേഖലാ നിത്യഹരിത സസ്യമാണ്. വർഷത്തിൽ മിക്ക മാസങ്ങളിലുംകേരളത്തിന്റേതിന് സമാനമായ കാലാവസ്ഥയുള്ള ദോഫാറിലാണ് കൊക്കോ പരീക്ഷണം വിജയിച്ചത്. ദോഫാർ ഗവർണറേറ്റിലെ പ്രത്യേക കാലാവസ്ഥയിൽ കൊക്കോ കൃഷി എത്രത്തോളം വിജയകരമാകുമെന്ന് കണ്ടെത്താനായി 2016-ലാണ് ഖൈറൂൻ ഹൈരിതി ഫാമിൽ പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് അഗ്രികൾച്ചറൽ സർവീസസ് വിഭാഗം തലവൻ എൻജിനീയർ മുഹമ്മദ് അഹമ്മദ് അൽ മഷൈഖി പറഞ്ഞു.
കാർഷിക മേഖലയിൽ ഉയർന്ന സാമ്പത്തിക മൂല്യമുള്ള ഉഷ്ണമേഖലാ വിളകളിലൊന്നാണ് കൊക്കോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിളവെടുപ്പിന് ശേഷം കൊക്കോ വിത്തുകൾ വേർതിരിച്ചെടുത്ത് ദിവസങ്ങളോളം ഫെർമെന്റേഷൻ (പുളിപ്പിക്കൽ) പ്രക്രിയക്ക് വിധേയമാക്കിയാണ് സംസ്കരണ ഘട്ടത്തിലേക്ക് കടക്കുന്നത്. തുടർന്ന് ഇവ ഉണക്കി, വറുത്ത്, പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചോക്ലേറ്റ് നിർമാണം, ചില പ്രത്യേക ഔഷധങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിലാണ് കൊക്കോ പൗഡർ പ്രധാനമായും ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഏറെ ഡിമാൻഡുള്ള ഉൽപന്നമാണിത്. കൊക്കോ പഴത്തിന്റെ പുറംതോട് ജൈവവളമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
കൊക്കോ മരങ്ങളെ കീടബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഫലങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനുമായി ഫാമിൽ നിരന്തരമായ നിരീക്ഷണവും പരിചരണവും നൽകിവരുന്നതായി പ്ലാന്റ് പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് എൻജിനീയർ സലിം അഹമ്മദ് അൽ ഷഹ്‍രി വ്യക്തമാക്കി. ദോഫാർ ഗവർണറേറ്റിലെ റോയൽ ഗാർഡൻസ് ആൻഡ് ഫാംസിന്റെ ഈ വിജയം ഒമാനിലെ ഉഷ്ണമേഖലാ വിളകളുടെ പരീക്ഷണങ്ങൾക്ക് പുതിയൊരു ദിശ നൽകുന്നതാണ്. ഒമാന്റെ കാർഷിക മേഖലയിൽ വൻ സാമ്പത്തിക സാധ്യതകൾ തുറക്കാൻ ഈ നേട്ടം സഹായിക്കുമെന്നാണ് വിലയിരുത്തൽ. തെങ്ങും വാഴയും പച്ചക്കറികളും നന്നായി കൃഷി ചെയ്യുന്ന ദോഫാറിൽ ഇഞ്ചി, ഗോതമ്പ് അടക്കമുള്ള കൃഷികളും മുമ്പ് വിജയിപ്പിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.