ഒമാൻ മനുഷ്യാവകാശ കമ്മീഷൻ

മനുഷ്യാവകാശ സംരക്ഷണം; ഒമാനിൽ കഴിഞ്ഞ വർഷം പരിഗണിച്ചത് 1,479 കേസുകൾ

മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമ്മീഷന്റെ (ഒ.എച്ച്.ആർ.സി) പരാതി പരിഹാര-നിരീക്ഷണ സംവിധാനങ്ങൾ കഴിഞ്ഞ വർഷം കൂടുതൽ ജനകീയവും കാര്യക്ഷമവു മായതായി റിപ്പോർട്ട്. സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരിലേക്ക് കമ്മീഷന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും റിപ്പോർട്ടിങ് സംവിധാനങ്ങൾ നവീകരിക്കാനും കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞവർഷം മാത്രം 1,479 മനുഷ്യാവകാശ കേസുകളാണ് ഒമാൻ മനുഷ്യാവകാശ കമ്മീഷൻ കൈകാര്യം ചെയ്തത്. ഒമാൻ മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളിൽ കൃത്യമായ പഠനവും വസ്തുതാന്വേഷണവും നടത്തിയാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരാതിക്കാർക്ക് ആവശ്യമായ നിയമോപദേശങ്ങളും കൗൺസിലിങ്ങും നൽകുന്നതിനൊപ്പം, ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ കേസുകൾക്കാവശ്യമായ മാർഗനിർദേശങ്ങളും നൽകിവരുന്നു. തടവുകാരുടെയും തടങ്കലിൽ കഴിയുന്നവരുടെയും അവകാശങ്ങൾ, അവർക്ക് ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷകൾ എന്നിവയും കമ്മീഷൻ നേരിട്ട് വിലയിരുത്തുന്നു. അന്തസ്സായ ജീവിതം, സാമൂഹിക സുരക്ഷ, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിത്വമുള്ള പരിസ്ഥിതി എന്നിവ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും ഇതിലൂടെ നിരീക്ഷിച്ചുവരുന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കമ്മീഷൻ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.

സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സുൽത്താന്റെ പ്രത്യേക ഉത്തരവുകളും കമ്മീഷൻ നിരീക്ഷിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികളും വിദേശികളും അടങ്ങുന്ന 2,115 തടവുകാർക്കാണ് കഴിഞ്ഞ വർഷം റോയൽ പാർഡൻ വഴി മോചനം ലഭിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവർ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും കമ്മീഷൻ നേരിട്ട് സന്ദർശനങ്ങൾ നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ, പ്രാഥമികശുശ്രൂഷാ സൗകര്യങ്ങൾ, സ്ഥലസൗകര്യം, അഗ്നിശമന സംവിധാനങ്ങൾ, ആരോഗ്യ പരിരക്ഷകൾ, ശുചിത്വം എന്നിവ വിലയിരുത്തി. തൊഴിലാളികൾക്ക് അന്തസ്സുള്ള ജീവിതസാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം. തൊഴിലാളികളുടെ പരാതികളും നിർദേശങ്ങളും നേരിട്ട് കേൾക്കുകയും ചെയ്തു.

തടവുകാരുടെ മാനസികോല്ലാസത്തിനും കുടുംബബന്ധങ്ങൾ ശക്തമാക്കുന്നതിനുമായി ജയിലുകളിൽ പ്രത്യേക സന്ദർശന മേഖലകൾ ഒരുക്കിയതും കമീഷന്റെ നേട്ടമാണ്. അർഹരായ ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലും നടപടി സ്വീകരിച്ചു.

ചില സ്കൂളുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്നു എന്ന പരാതിയിൽ കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് അടിയന്തരമായി ഇടപെട്ടു.

ലഹരിമുക്ത ചികിത്സക്കും പുനരധിവാസത്തിനുമായി രാജ്യത്ത് ‘മസ്കത്ത് റിക്കവറി സെന്റർ’ ആരംഭിച്ചത് ആരോഗ്യ മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ലഹരിക്ക് അടിമപ്പെട്ടവർ, മാനസിക-നാഡീസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർക്ക് ദീർഘകാല പുനരധിവാസ പരിചരണം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ, സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ‘സോഹാർ റിക്കവറി സെന്റർ’ ലഹരിമുക്തരായ രോഗികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ പ്രത്യേക മെഡിക്കൽ, സൈക്കോളജിക്കൽ, സോഷ്യൽ സർവീസുകൾ നൽകുന്നതിൽ നിർണണായക പങ്ക് വഹിക്കുന്നതായും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒമാൻ നാഷണൽ ഹെൽത്ത് പോളിസി പ്രഖ്യാപിച്ചതടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളും ഒമാന്റെ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.

Tags:    
News Summary - ഒമാനിൽ മനുഷ്യാവകാശ സംരക്ഷണം ശക്തം | 1479 കേസുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.