അബ്ദുൽബാഖ്, സൈദ് അൽ റുസൈഖി എന്നിവരാണ് ഒമാനുവേണ്ടി ഗോൾ നേടിയത്
മസ്കത്ത്: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ എ ഗ്രൂപ്പിൽനിന്ന് ഒമാൻ, യു.എ.ഇ ടീമുകൾ സെമിയിലെത്തി. നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗദിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഒമാൻ സെമിഫൈനലിൽ പ്രവേശിച്ചത്. കുവൈത്തിനെതിരെ സമനില വഴങ്ങേണ്ടിവന്നെങ്കിലും സൗദിയുടെ തോൽവി യു.എ.ഇക്ക് രക്ഷയായി. കൂടുതൽ സമയം പന്ത് കൈവശംവെച്ചതും ആക്രമിച്ച് കളിച്ചതും സൗദിയായിരുന്നെങ്കിലും അവസരം മുതലാക്കാനായില്ല. മികച്ച അവസരങ്ങൾ ഒമാനും ലഭിച്ചു. 14ാം മിനിറ്റിൽ അൽബുസൈദിയുടെ അപകടകരമായ ക്രോസ് സൗദി ബോക്സിൽ പറന്നിറങ്ങിയെങ്കിലും സൗദി പ്രതിരോധനിര ക്ലിയർ ചെയ്തു. സൗദിക്കായി അൽനമിർ മുൻനിരയിൽ ആക്രമിച്ച് കളിച്ചു. ഇടക്കിടെ കളി പരുക്കനായി.30ാം മിനിറ്റിൽ സൗദിയുടെ മികച്ച കളിക്കാരനായ അൽ മുെഎസിറിന് പരിക്കേറ്റു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ഒന്നാം പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും കാണികൾക്ക് ഉജ്ജ്വല കളിവിരുന്നായി. രണ്ടാം പകുതിയിലാണ് ഒമാൻ കുെറക്കൂടി മെച്ചപ്പെട്ട കളി കാഴ്ചവെച്ചത്. അതിന് ഫലവുമുണ്ടായി. 58ാം മിനിറ്റിൽ അബ്ദുൽബാഖ് കാത്തിരുന്ന ഗോൾ നേടി. 77ാം മിനിറ്റിൽ വീണ്ടും വലകുലുക്കി സൈദ് അൽ റുസൈഖി ഒമാന് നിർണായക വിജയം സമ്മാനിച്ചു. ഗോൾ തിരിച്ചടിക്കാൻ സൗദി കിണഞ്ഞുശ്രമിച്ചെങ്കിലും ഒമാൻ പ്രതിരോധം വഴങ്ങിയില്ല. യു.എ.ഇ-കുവൈത്ത് മത്സരം സമനിലയിൽ കലാശിക്കുകകൂടി ചെയ്തതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഒമാൻ സെമിയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.