ഡോ. ഉമാമ മുസ്തഫ അൽ ലവാതിക്ക് മസ്കത്ത് വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ്
മസ്കത്ത്: ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോകവെ പിടികൂടിയ കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽനിന്ന് മോചിതരായ ഒമാൻ പൗരന്മാരായ ഡോ. ഉമാമ മുസ്തഫ അൽ ലവാതി, ജമാൽ അൽ റൈസി എന്നിവർ നാട്ടിൽ തിരച്ചെത്തി. കഴിഞ്ഞദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവർക്കും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്.
ഇരുവരുടെയും ധൈര്യത്തെയും മാനുഷിക മനോഭാവത്തെയും ഏവരും പ്രശംസിച്ചു. ഒമാനി അധികാരികളും ജനതയും നൽകിയ പിന്തുണക്ക് ഡോ. അൽ ലവാതി നന്ദി അറിയിച്ചു. ഗസ്സയിലേക്ക് പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേൽ തടയുകയും അതിലുള്ള അംഗങ്ങളെ പിടികൂടുകയുമായിരുന്നു. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ഒമാൻ ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മോചിതയായ ഇവർ ആദ്യം ജോർഡനിലയിരുന്നു എത്തിയിരുന്നത്.
ബഹ്റൈൻ, തുനീഷ്യ, അൾജീരിയ, കുവൈത്ത്, ലിബിയ, പാകിസ്താൻ, തുർക്കിയ, അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, മെക്സികോ, ന്യൂസിലൻഡ്, സെർബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലെ പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 130 പേർ കിങ് ഹുസൈൻ പാലം വഴി ജോർഡനിലെത്തുകയായിരുന്നു. ഇവിടന്നാണ് ബന്ധപ്പെട്ട അധികാരികളുടെ സഹായത്തോടെ മസ്കത്തിൽ എത്തിച്ചേർന്നത്.
ഗ്ലോബൽ സുമുദ് േഫ്ലാട്ടില്ലയെ ഇസ്രായേൽ തടഞ്ഞതിൽ ഒമാൻ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുമുദ് ഫ്ലോട്ടില്ല ഈ വർഷം ആദ്യം സ്പെയിനിൽ നിന്നാണ് യാത്ര തിരിച്ചത്.
50 ലധികം കപ്പലുകൾ അടങ്ങുന്ന ഈ കപ്പൽ വ്യൂഹത്തിൽ 44ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.