ജർമൻ പ്രസിഡന്‍റ്​ ഒമാനിൽ; സുൽത്താനുമായി കൂടിക്കാഴ്ച നടത്തും

മസ്കത്ത്​: ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറിന്‍റെ ഒമാൻ സന്ദർശനത്തിന്​ തുടക്കമായി. തിങ്കളാഴ്ച ​രാത്രിയോടെ മസ്കത്തിലെത്തിയ സ്റ്റെയിൻമിയറിനും ഭാര്യക്കും​ ഊഷ്​മളമായ വരവേൽപ്പാണ്​ അധികൃതർ നൽകിയത്​​.

റോയൽ എയർപോർട്ടിൽ എത്തിയ ജർമൻ പ്രസിഡന്റിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഗതാഗത, വാർത്താവിനിമയ, വിവരസാ​ങ്കേതിക മന്ത്രി സഈദ്​ ബിൻ ഹമൂദ് അൽ മഅ്​വാലി, ഉന്നതവിദ്യാഭ്യാസ, ഗവേഷണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്‌റൂഖിയ്യ, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്‌റൂഖിയ, സുൽത്താനേറ്റിലെ ഒമാൻ അംബാസഡർ ഡിർക്ക് ലോൽകെ, മസ്കത്തിലെ ജർമൻ എംബസി അംഗങ്ങൾ എന്നിവരും ​പ്രസിഡന്‍റിനെയും സംഘത്തെയും വരവേൽക്കാൻ എത്തിയിരുന്നു.

ജർമൻ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്‌നർ, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ, പ്രസിഡന്റിന്റെ ഓഫിസിലെ ഫോറിൻ പോളിസി വിഭാഗം മേധാവി വുൾഫ്ഗാംഗ് സിൽബർമാൻ, നിരവധി ഉദ്യോഗസ്ഥർ എന്നിവരാണ്​ പ്രസിഡന്‍റിന്റെ സംഘത്തിലുള്ളത്​​.

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ്​ ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും മറ്റ്​ ഉന്നത​ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യും. ഇരുകൂട്ടർക്കും താത്​പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച മടങ്ങും.

കഴിഞ്ഞ വർഷം ജൂലൈയിൽ സുൽത്താൻ ജർമനി സന്ദർശിച്ചിരുന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.

Tags:    
News Summary - German President in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.