ന്യൂയോർക്കിൽ നടന്ന ജി.സി.സി-ബ്രിട്ടൻ സംയുക്ത മന്ത്രിതല യോഗം
മസ്കത്ത്: പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷക്കും സ്ഥിരതക്കും സംഭാവന നൽകുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചും ന്യൂയോർക്കിൽ ജി.സി.സി-ബ്രിട്ടൻ സംയുക്ത മന്ത്രിതല യോഗം. 80ാമത് യു.എൻ പൊതുസഭയോടനുബന്ധിച്ച് നടന്ന യോഗത്തിൽ ജി.സി.സി മന്ത്രിതല കൗൺസിൽ ചെയർമാനും കുവൈത്ത് വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സഹമന്ത്രി യെവെറ്റ് കൂപ്പറും ഇരുപക്ഷത്തെയും നയിച്ചു.
പ്രാദേശിക തർക്കങ്ങളും അസ്ഥിരതകളും പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ഇരുപക്ഷവും യോഗത്തിൽ പുതുക്കി. ഖത്തറിന് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച മന്ത്രിമാർ, ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക സുരക്ഷക്കും പിന്തുണ ആവർത്തിച്ചു. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളെ തടസ്സപ്പെടുത്താനുള്ള ശ്രമത്തിനെതിരെ യോഗം മുന്നറിയിപ്പ് നൽകി. മേഖലയിൽ ശാശ്വത സമാധാനത്തിനുള്ള ഏക മാർഗം വെടിനിർത്തലാണെന്നും വ്യക്തമാക്കി. ഗസ്സയിൽ ദുരിതാശ്വാസ സഹായവിതരണം തടസ്സപ്പെടുത്തുന്ന ഇസ്രായേൽ നടപടികളെ യോഗം അപലപിച്ചു. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നതിനും ഫലസ്തീൻ സിവിലിയന്മാരുടെ കഷ്ടപ്പാടുകൾക്കും കാരണമായതായും ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമവ്യവസ്ഥകൾ പാലിക്കണമെന്നും സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ബ്രിട്ടന്റെയും മറ്റ് രാജ്യങ്ങളുടെയും തീരുമാനങ്ങളെ സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ വർധിച്ചുവരുന്ന സ്വീകാര്യതയുടെ സൂചനയാണ് ഇതെന്നും ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ ലഘൂകരിക്കാനും ശത്രുത അവസാനിപ്പിക്കാനും ദീർഘകാല വെടിനിർത്തൽ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു.
ഒമാനെയും ജി.സി.സി രാജ്യങ്ങളെയും യു.കെയുമായി ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും പ്രതിരോധം, സുരക്ഷ, വ്യാപാരം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ആശയവിനിമയം എന്നീ മേഖലകളിലെ വർധിച്ചുവരുന്ന സഹകരണത്തെയും ചടങ്ങിൽ സംസാരിച്ച വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഊന്നിപ്പറഞ്ഞു. ഈ പങ്കാളിത്തം ഇരുപ്രദേശങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും ഗുണം ചെയ്യുമെന്നും വിദ്യാഭ്യാസ, സാങ്കേതിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിന് വിശാലമായ വഴികൾ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ വിജയകരമായ സമാപനത്തെക്കുറിച്ചുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതീക്ഷയും സയ്യിദ് ബദർ പ്രകടിപ്പിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖും യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന കൂടിക്കാഴ്ചയും സയ്യിദ് ബദർ എടുത്തുപറഞ്ഞു.
ജി.സി.സി-യു.എസ് സംയുക്ത മന്ത്രിതല യോഗവും ന്യൂയോർക്കിൽ നടന്നു. ജി.സി.സി വിദേശകാര്യ മന്ത്രിമാരും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും പങ്കെടുത്ത യോഗത്തിൽ യു.എസ് സംഘത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.