മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ജ്വല്ലറിയിൽനിന്ന് പട്ടാപ്പകൽ ഒന്നര ലക്ഷം റിയാലിന്റെ സ്വർണവും പണവും കവർന്ന സംഭവത്തിൽ നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് പിടിയിലായത്. ജ്വല്ലറി ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു കവർച്ച
സീബ് വിലായത്തിലെ ജ്വല്ലറിയിലാണ് സംഭവം. സ്വർണക്കടയിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും ചെയ്ത സംഘത്തെ മസ്‌കത്തിലെയും വടക്കൻ ബാത്തിന ഗവർണറേറ്റുകളിലെയും പൊലീസ് കമാൻഡുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ചാണ് വലയിലാക്കിയത്.
മോഷണത്തിന് ശേഷം കുറ്റവാളികൾ രക്ഷപ്പെടുകയായിരുന്നു. അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് സംഘത്തിന്റെ പിന്തുണയോടെ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ സംഘം സ്ഥലത്തെ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു.
മോഷ്ടിച്ച ലൈസൻസ് പ്ലേറ്റുള്ള വാഹനത്തിലാണ് പ്രതികൾ സഞ്ചരിക്കുന്നതെന്ന് സുരക്ഷ കാമറ ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. വിരലടയാള തെളിവുകൾ സാങ്കേതിക വിശകലനം നടത്തി പ്രതികളിലൊരാളെ തിരിച്ചറിഞ്ഞു. തുടർന്ന് എല്ലാ കുറ്റവാളികളെയും പിടികൂടുകയും മോഷ്ടിച്ച എല്ലാ സ്വത്തുക്കളും തിരിച്ചുപിടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.