മസ്കത്ത് നഗരത്തിലെ റോഡുകളിലെ വാഹനങ്ങളുടെ നീണ്ടനിര
മസ്കത്ത്: സർക്കാർ മേഖലയിലെ റമദാൻ മാസത്ത ‘ഫ്ലക്സിബിള്’ രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാർക്ക് ഗുണകരമാകുന്നതോടൊപ്പം നിരത്തുകളിലെ തിരക്കൊഴിവാകുന്നതിനും സഹായകമാകും. ‘ ഫ്ലെക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴു മുതൽ ഉച്ചക്ക് 12, എട്ട് മുതൽ ഉച്ചക്ക് ഒരു മണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നന്നതാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സാധാരണയായി വൈകീട്ടോടെ പ്രധാന റോഡുകളിൽ, പ്രത്യേകിച്ച് മസ്കത്ത് എക്സ്പ്രസ് വേയിലും റുസൈലിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലും വാഹനങ്ങളുടെ നീണ്ടനിര കാണാറുണ്ട്.
ജോലി കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്ന സമയമായതിനാലാണ് ഇത്തരം കുരുക്കുകൾ പലപ്പോഴും അനുഭവപ്പെടുന്നത്. റമദാൻ മാസത്തിലും ആളുകൾ പെട്ടെന്ന് വീടണയാൻ ശ്രമിക്കുന്നവരായിരിക്കും.
എന്നാൽ, ഫ്ലെക്സിബിൾ ജോലി സമയം കാരണം ആളുകൾ ഘട്ടം ഘട്ടമായായിരിക്കും ഓരോ ഓഫിസുകളിൽനിന്നും ഇറങ്ങുക. ഇത് നിരത്തുകളിലെ കുരുക്ക് കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായകമാകുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.
ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണം
മസ്കത്ത്: റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6.30മുതൽ 9.30വരെയും ഉച്ചക്ക് 12മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെയും ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചു.
മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, - ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് - ഷിനാസ്) എന്നീ പാതകളിലാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം
മസ്കത്ത്: റമദാൻ മാസത്തിന്റെ ആദ്യദിനങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ്.റമദാനിലെ ആദ്യ ദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാറുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പുണ്യമാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ വലിയൊരു ശതമാനവും വാഹനമോടിക്കുന്നതിലെ ശ്രദ്ധക്കുറവും,ക്ഷീണവും,ഉറക്കക്കുറവുമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. റോഡിലുള്ള മറ്റൊരാൾക്ക് തെറ്റ് സംഭവിക്കാനും അപകടത്തിനും സാധ്യതയുണ്ടെന്ന് കരുതി എപ്പോഴും ഡിഫൻസിവ് ഡ്രൈവിങ് പിന്തുടരണമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഒരാൾക്കുതന്നെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാൻ കഴിയും. യാത്രയിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വാഹനം നിർത്തി മതിയായ വിശ്രമം എടുക്കണമെന്നും നിർദേശിച്ചു.
പലരും വിശുദ്ധ മാസത്തിൽ രാത്രിയുടെ അന്ത്യയാമങ്ങൾ വരെ നീളുന്ന പ്രാർഥനകളിൽ മുഴുകാറുണ്ട്. ഈ ഉറക്കക്കുറവ് വാഹനമോടിക്കുമ്പോൾ അശ്രദ്ധയിലേക്ക് നയിച്ചേക്കും. ഉറക്കക്കുറവും ഡ്യൂട്ടി സമയത്തിലെ മാറ്റവുമെല്ലാം നോമ്പെടുത്ത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയെ ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ, പകലിൽ ഡ്രൈവ് ചെയ്യുമ്പോൾ ക്ഷീണവും മറ്റും അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ നിർേദശിച്ചു.രാത്രിയിൽ ഡൈവിങ്ങിനിടെ ഉറക്കം വരുകയാണെങ്കിൽ വാഹനം പാർക്ക് ചെയ്ത് അൽപം വിശ്രമിച്ചിട്ടുവേണം യാത്ര തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ ട്രാഫിക് അപകടങ്ങളുടെ ശരാശരി ഇതര മാസങ്ങളെ അപേക്ഷിച്ച് അൽപം കൂടുതലാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.
വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷിത അകലം പാലിക്കാത്തതും ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ‘ഫ്ലക്സിബിൾ’ സംവിധാനം അനുസരിച്ച് വ്യത്യസ്ത ജോലി സമയങ്ങൾ പാലിക്കുകയും വാഹനങ്ങളുടെ എണ്ണം കുറക്കുകയും ചെയ്യുന്നതാണ് നല്ലത്. അതുവഴി നിരത്തിലെ ട്രാഫിക് ഒഴിവാക്കാൻ സഹായിക്കും. മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിച്ചുകൊണ്ട് ഡ്രൈവ് ചെയ്യണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.