കൃഷിയിടങ്ങളിലെ തീപിടിത്തം അഗ്നിശമനസേനാംഗങ്ങൾ അണക്കുന്നു (ഫയൽ)
മസ്കത്ത്: വേനൽച്ചൂടിൽ കൃഷിയിടങ്ങളിൽ തീപിടിത്തം വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞവർഷം സുൽത്താനേറ്റിലുടനീളം കൃഷിയിടങ്ങളിൽ തീപിടിത്തം വർധിച്ചതായാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ കണക്കുകൾ. സുരക്ഷാ ലംഘനങ്ങളും കടുത്ത വേനൽക്കാല ചൂടും വർധിച്ചുവരുന്ന അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ൽ 971 കേസുകളിൽനിന്ന് 2024ൽ 1014 കൃഷിയിടങ്ങളിൽ തീപിടിത്തം രേഖപ്പെടുത്തി. ഉയർന്ന താപനില, രാസവളങ്ങളുടെ അനുചിത സംഭരണം, അടിസ്ഥാനസുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവയാണ് തീപിടിത്തത്തിന് കാരണമെന്ന് സി.ഡി.എ.എ പറഞ്ഞു. സുരക്ഷിതമായ കൃഷിരീതികളിലൂടെ പല തീപിടിത്തങ്ങളും ഒഴിവാക്കാമെന്ന് റിറ്റി പറഞ്ഞു. കാർഷിക മാലിന്യം സുരക്ഷിതമല്ലാത്ത രീതിയിൽ കത്തിക്കൽ, സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി ഉപേക്ഷിക്കൽ, ഉണങ്ങിയ സസ്യങ്ങൾക്ക് സമീപം കത്തുന്ന വസ്തുക്കൾ സൂക്ഷിക്കൽ എന്നിവയാണ് തീപിടിത്തമുണ്ടാക്കുന്ന സാധാരണ കാരണങ്ങൾ.
ഉച്ചകഴിഞ്ഞുള്ള ചൂടിലോ കാറ്റുള്ള ദിവസങ്ങളിലോ ഫാം ഉടമകൾ മാലിന്യം കത്തിക്കുന്നത് ഒഴിവാക്കണം. പാചകവും ഗ്രില്ലിങ്ങടക്കമുള്ളവയും ചെയ്ത ശേഷം തീ പൂർണമായും കെടുത്തണം. വേലികൾക്കായി അഗ്നിപ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിക്കമെന്നും മരങ്ങൾക്കോ ഉണങ്ങിയ അവശിഷ്ടങ്ങൾക്കോ സമീപം തീ കത്തിക്കുന്നത് ഒഴിവാക്കമെന്നും അതോറിറ്റി നിർദേശിച്ചു. തീപിടിത്തമുണ്ടായാൽ 9999 അല്ലെങ്കിൽ 24343666 എന്ന നമ്പറിൽ വിളിച്ച് അടിയന്തര സേവനങ്ങൾക്കായി ബന്ധപ്പെടാം. സാധ്യമാകുന്നിടത്തെല്ലാം തീ പടരുന്നതിന് മുമ്പ് നിയന്ത്രിക്കാൻ തൊഴിലാളികൾ ലഭ്യമായ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുകയോ അയൽപക്ക ഫാമുകളിൽ നിന്ന് സഹായം തേടുകയോ വേണം.
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ ഒന്നാണ് പുല്ലും കാർഷിക മാലിന്യങ്ങളും ഉൾപ്പെടുന്ന കൃഷിയിടങ്ങളിലെ തീപിടിത്തം. കൃഷിയിട ഉടമകളിൽ അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൊഴിലാളികളുടെ മേൽനോട്ടവും കൃഷിഭൂമി, സ്വത്ത്, ജീവൻ എന്നിവ സംരക്ഷിക്കുന്നതിനും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.