ബലി പെരുന്നാൾ; മലയാളി പൊലിമ കുറയും

മസ്കത്ത്: ഒമാനിൽ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും അവസാനിച്ചെങ്കിലും മലയാളികളുടെ ബലിപെരുന്നാൾ ആഘോഷ പൊലിമ ഇത്തവണ കുറയും. വേനലവധിക്ക് നിരവധി പേർ നാട്ടിൽ പോയതാണ് ആഘോഷങ്ങൾക്ക് തിരിച്ചടി. കോവിഡിന്‍റെ പിടിയിലമർന്നതിനാൽ രണ്ട് വർഷത്തിലധികമായി നാട്ടിൽ പോവാൻകഴിയാത്ത നിരവധി പേരാണ് യാത്ര നിയന്ത്രണം മാറിയതോടെ മധ്യവേനലവധിയിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ ഇന്ത്യൻ സ്കൂൾ അധ്യാപകരും വിദ്യാർഥികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടും. ഒമാനിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും ആഘോഷപ്പൊലിമ കുറക്കും.

കടുത്ത ചൂട് കാരണം രാത്രി കാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ചൂട് കാരണം ഹൈപർമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വാരാന്ത്യങ്ങളിൽ പോലും പകൽ സമയത്ത് ആളൊഴിഞ്ഞ് കിടക്കുകയാണ്. സൂര്യാതപവും നിർജലീകരണവും ഭയപ്പെടുന്നതിനാൽ അത്യാവശ്യക്കാർ മാത്രമാണ് പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത്. ചൂടുകാരണം പെരുന്നാൾ ദിനത്തിലും ആളുകൾ താമസയിടങ്ങളിൽതന്നെ ഒതുങ്ങാനാണ് സാധ്യത. അതിനാൽ പ്രധാന പാർക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും പകൽ സമയങ്ങളിൽ ആളൊഴിഞ്ഞു കിടക്കും.

എന്നാൽ, ബീച്ചുകളിലും ഫാം ഹൗസുകളിലും തിരക്ക് വർധിക്കും. സാധാരണ പെരുന്നാൾ അവധിയുടെ ഭാഗമായി നടക്കാറുള്ള പിക്നിക്കുകളും മറ്റ് ആഘോഷ പരിപാടികളും ഈ വർഷം കുറയും. അതേസമയം, എല്ലാ നിയന്ത്രണങ്ങളും ഒഴിഞ്ഞതിനാൽ വാദീകബീർ, റൂവി, അൽഗുബ്റ, സീബ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മുൻവർഷങ്ങളെപോലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തവണ ഈദുഗാഹുകൾ വീണ്ടും സജീവമാവും. എങ്കിലും ഇത്തരം ഈദ് ഗാഹുകളിലും തിരക്ക് കുറയാനാണ് സാധ്യത. പെരുന്നാൾ അവധി പ്രമാണിച്ച് നിരവധി പേരാണ് നാട്ടിൽ പോവാനിരിക്കുന്നത്.

നാട്ടിലെ മഴ നിറഞ്ഞ കാലാവസ്ഥയും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനുള്ള തിടുക്കവുമാണ് പലരെയും നാട്ടിലേക്ക് നയിക്കുന്നത്. ഇത് മുന്നിൽ കണ്ട് അവധി ആരംഭിക്കുന്ന ദിവസങ്ങളിൽ വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. അവധി ആരംഭിക്കുന്ന അടുത്ത മാസം എട്ടിന് എയർ ഇന്ത്യ എക്പ്രസ് കോഴിക്കോട്ടേക്ക് വൺവേക്ക് 163 റിയാലാണ് നിരക്ക്. കണ്ണൂരേക്ക് ജൂലൈ ഏഴിന് വൺവേക്ക് 140 റിയാലും കൊച്ചിലേക്ക് ജൂലൈ ഏഴിന് 104 റിയാലും എട്ടിന് 119 റിയാലുമാണ് നിരക്ക്. ഇതേ ദിവസം തിരുവന്തപുരത്തേക്ക് വൺവേക്ക് 146 റിയാലാണ് ഈടാക്കുന്നത്. 

Tags:    
News Summary - Feast of Sacrifice; The Malayali population will decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.