പി.​എം. ജാ​ബി​ർ

മസ്കത്ത്: സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വിലയിടുകയും ജീവിതമാർഗമാക്കുകയും ചെയ്യുന്ന സമകാലീന ലോകത്ത് നാല് പതിറ്റാണ്ടോളമായി സ്വന്തം കൈയിൽനിന്ന് പണമെടുത്ത് സാമൂഹികസേവനം നടത്തിയ ജാബിർക്ക എന്ന പി.എം. ജാബിർ നാടണയുന്നു. പ്രവാസലോകത്തെ കണ്ണീർമണമുള്ള ബിജുവിന്‍റെയും അലേഷ്യസിന്‍റെയും ഉണ്ണിത്താന്‍റെയും പറഞ്ഞുതീരാത്ത കഥകളുമായാണ് ജാബിർ മടങ്ങുന്നത്. അംഗീകാരങ്ങൾക്കും അവാർഡുകൾക്കും പിന്നാലെപോയിട്ടില്ലെന്നും സ്വന്തം ആവശ്യങ്ങൾക്കായി സാമൂഹികസേവകൻ എന്ന പദവി ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പ്രയാസത്തിൽ കുടുങ്ങിയവരിൽനിന്നും അശരണരിൽനിന്നും ഉയരുന്ന 'ജാബിർക്ക' എന്ന വിളിയാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.

1982 നവംബറിലാണ് ജാബിർ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായി ഒമാനിലെത്തുന്നത്. അതേവർഷം തന്നെ ഒമാൻ നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിവിധ ഇൻഷുറൻസ് കമ്പനിയിൽ ജോലിനോക്കി. സാമൂഹിക സേവന മേഖലകളിൽ ഇടപെടാറുണ്ടെങ്കിലും 1988ൽ കൈരളി ഒമാൻ നിലവിൽ വന്നതോടെയാണ് സജീവമായത്. 1990 മുതലാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടാൻ തുടങ്ങിയത്. സ്വന്തമായി 3000ത്തിൽ അധികം മൃതദേഹങ്ങൾ നാട്ടിലയച്ചു. 1990ലാണ് ആദ്യത്തെ മൃതദേഹം നാട്ടിലയച്ചത്. ആദ്യമായി സുഹാറിൽ ദഹിപ്പിച്ചത് ആറ് മാസം മോർച്ചറിയിൽ അനാഥമായി കിടന്ന മലയാളിയായ ഗോപിയുടെ മൃതദേഹമായിരുന്നുവെന്ന് ജാബിർ ഓർമിക്കുന്നു. മാധ്യമങ്ങൾ സജീവമായതോടെയാണ് പലരും സാമൂഹിക സേവന രംഗത്ത് വന്നത്. തൊഴിൽപ്രശ്നങ്ങളിൽപെട്ട നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ഇവരെ നാട്ടിലയക്കുന്നതിലും പിഴ അടക്കുന്നതിലും മറ്റും ഗൾഫാർ മുഹമ്മദലി, യൂസുഫലി തുടങ്ങിയ പ്രമുഖർ എന്നും കൂടെയുണ്ടായിരുന്നു. വാദീ അദൈയിൽ തൊഴിൽ പ്രശ്നത്തിൽപെട്ട 11 മലയാളികളെ നാട്ടിലയക്കാൻ കഴിഞ്ഞത് 'ഗൾഫ് മാധ്യമം' വാർത്ത കണ്ട് യൂസുഫലി സഹായമെത്തിച്ചത് കാരണമായിരുന്നു.

ഏജൻറുമാരുടെ കെണിയിൽപെട്ട് ഒമാനിൽ കുടുങ്ങിയ മലയാളിസ്ത്രീകളെ നാട്ടിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ടിരുന്നു. മലയാളി ഉടമയായ ഒരു കമ്പനിയുടെ തൊഴിൽപ്രശ്നം ഉയർത്തിക്കൊണ്ടുവന്നതിൽ വധഭീഷണിവരെ നേരിടേണ്ടിവന്നിട്ടുണ്ട്. ചില ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ സുരക്ഷാവലയത്തിൽ നടക്കേണ്ടതായും നാട്ടിലുള്ള മക്കൾക്ക് പൊലീസ് സുരക്ഷ ഏർപ്പാടാക്കേണ്ടതായും വന്നിരുന്നു.

ഒമാനിലെ പൊതുമാപ്പുകളിൽ കൃത്യമായി ഇടപെട്ടിരുന്നു. കൈരളി ഒമാന്‍റെ ജനറൽ സെക്രട്ടറിയായി 10 വർഷം സേവനമനുഷ്ഠിച്ചു. 1996ൽ ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ മലയാളം വിഭാഗത്തിൽ പ്രവർത്തിച്ചു. കൈരളി ചാനലിന്റെ ഒമാൻ കോഓഡിനേറ്ററായിരുന്നു. കൈരളി ചാനലിന്‍റെ പ്രവാസലോകം പരിപാടി ഏറ്റവും സജീവമാക്കിയത് ഒമാനായിരുന്നു. തലശ്ശേരി മാളിയേക്കൽ തറവാട് അംഗമാണ് പി.എം. ജാബിർ. ഭാര്യ ഷഹനാസ്, മക്കൾ വൈലാന, ജൂലിയാന. നാട്ടിലേക്ക് മടങ്ങിയാലും പ്രവാസികളേതടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇടപ്പെട്ട് സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായി തുടരാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

Tags:    
News Summary - farewell to P.M. Jabir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.