ഒമാനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ പ്രവാസികൾ മൂന്നു ശതമാനം

മസ്‌കത്ത്: ഈ വർഷത്തെ ഒമാനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ടു. തീർഥാടകരുടെ എണ്ണം, പ്രായം, ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകൾ, യാത്രയ്ക്കായി ഉപയോഗിച്ച ഗതാഗത മാർഗ്ഗങ്ങൾ എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ഒമാനിൽ നിന്ന് ഏകദേശം 14,000 പേരാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്. 18 വയസ്സും അതിനുമുകളിലുമുള്ള 1000 നിവാസികളിൽ 3.6 എന്ന തോതിലാണ് തീർത്ഥാടകരുടെ നിരക്ക്.

ആകെ തീർത്ഥാടകരിൽ 51 ശതമാനം പേർ പുരുഷന്മാരും (6,885 പേർ), 49 ശതമാനം പേർ സ്ത്രീകളുമാണ് (6,599 പേർ). തീർത്ഥാടകരിൽ 97 ശതമാനവും ഒമാനി പൗരന്മാരാണ്. മൂന്നു ശതമാനം മാത്രമാണ് പ്രവാസികൾ. 45 മുതൽ 49 വയസ്സുവരെയുള്ള പ്രായപരിധിയിൽ ഉള്ളവരാണ് തീർത്ഥാടകരിൽ ഏറ്റവും കൂടുതൽ; 17 ശതമാനം. 40 മുതൽ 44 വയസ്സുവരെയുള്ളവർ 16 ശതമാനമുണ്ട്.

തീർത്ഥാടകരുടെ എണ്ണത്തിൽ മസ്‌കത്ത് ഗവർണറേറ്റാണ് ഒന്നാം സ്ഥാനത്ത്; 3,397 പേർ. വടക്കൻ ബാത്തിന-2,445 പേർ, തെക്കൻ ബാത്തിന -1,683 പേർ എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ ജനസംഖ്യാനുപാതത്തിൽ ഏറ്റവും കൂടുതൽ തീർഥാടകർ ദാഹിറ ഗവർണറേറ്റിൽ നിന്നാണ്; ആയിരത്തിൽ 4.5 പേർ. തീർത്ഥാടകരിൽ വലിയൊരു പങ്കും വ്യോമമാർഗമാണ് യാത്ര ചെയ്തത്; 78 ശതമാനം(10,966 പേർ). 22 ശതമാനം പേർ (3,034 പേർ) റോഡ് മാർഗം യാത്ര ചെയ്തു. വിമാനമാർഗം യാത്ര ചെയ്ത ഒരാൾക്ക് ശരാശരി 2,013 ഒമാനി റിയാൽ ചെലവായപ്പോൾ, റോഡ് മാർഗം യാത്ര ചെയ്തവർക്ക് ശരാശരി 1,647 റിയാലാണ് ചെലവ് വന്നത്.

Tags:    
News Summary - Expatriates make up three percent of Hajj pilgrims from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.