പ്രവാസി വെൽഫെയർ കപ്പ് ജേതാക്കളായ യുനൈറ്റഡ് കേരള എഫ്.സിക്ക് പ്രസിഡന്റ് ഷമീർ കൊല്ലക്കാൻ ട്രോഫി കൈമാറുന്നു
മസ്‌കത്ത്: മബേല അൽ ശാദി ഫുട്‌ബാൾ ടർഫിൽ നടന്ന പ്രവാസി വെൽഫെയർ കപ്പ് മൂന്നാം സീസണിൽ യുനൈറ്റഡ് കേരള എഫ്.സി കിരീടം ചൂടി. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ ഫൈനലിൽ സൈനോ എഫ്.സിയെയാണ് തോൽപിച്ചത്. ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും പെനാൽറ്റി തടഞ്ഞ് യുനൈറ്റഡ് കേരള എഫ്.സിയെ കിരീടത്തിലേക്ക് നയിച്ച അജുവാണ് ടൂർണമെന്റിലെ താരം. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ നേതാജി എഫ്. സി സെക്കൻഡ് റണ്ണറപ്പായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ഷമീർ കൊല്ലക്കാൻ, ജനറൽ സെക്രട്ടറിമാരായ സാജിദ് റഹ്‌മാൻ, ഫൈസൽ ഇബ്രാഹിം എന്നിവർ ട്രോഫികൾ കൈമാറി. മികച്ച താരങ്ങൾക്കുള്ള ട്രോഫികൾ വൈസ് പ്രസിഡന്റുമാരായ മുനീർ വടകര, അർഷാദ് പെരിങ്ങാല, കേന്ദ്രസമിതി അംഗങ്ങളായ നൗഫൽ കളത്തിൽ, സഗീർ ഇരിക്കൂർ, അസീസ് വയനാട്, സഫീർ നരിക്കുനി, അലി മീരാൻ, സെയ്താലി ആതവനാട് എന്നിവർ കൈമാറി.
ടൂർണമെന്റിലെ മികച്ച കളിക്കാരാനായി യുനൈറ്റഡ് കേരള എഫ്.സിയുടെ സഹീർ തിളങ്ങി. പ്രതിരോധ കോട്ടകെട്ടിയ സൈനോ എഫ്.സിയുടെ അസറു മികച്ച ഡിഫൻഡർക്കുള്ള പുരസ്‌കാരം ഏറ്റവാങ്ങിയപ്പോൾ ടൂർണമെന്റിലെ ടോപ് സ്‌കോററിനുള്ള സമ്മാനം ഇതേ ക്ലബ്ബിലെ ഷിയാസും സ്വന്തമാക്കി. സമ്മാനവിതരണ ചടങ്ങിൽ വനിതാ നേതാക്കളായ ഫാത്തിമ ജമാൽ, താഹിറ നൗഷാദ്, ഷഹീറ അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ടൂർണമെന്റിനോടനുബന്ധിച്ച് പുരുഷന്മാർക്കും വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.